95% കേസും പ്രതിപക്ഷ നേതാക്കൾക്കെതിരെ; കണക്കു വ്യക്തമാക്കി 14 പാർട്ടികൾ സുപ്രീംകോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ ‘നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തും മുൻപുള്ള 10 വർഷം, കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ 60% മാത്രമായിരുന്നു പ്രതിപക്ഷത്തെ നേതാക്കൾ. എന്നാൽ, നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആകെയുള്ള കേസുകളിൽ 95% പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്’ - മോദി സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടാനും എതിർശബ്ദം അടിച്ചമർത്താനും സിബിഐയെയും ഇഡിയെയും ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയ കണക്കാണിത്.
സർക്കാരിനെ വിമർശിച്ചാലോ എതിരഭിപ്രായം പറഞ്ഞാലോ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടെന്നു ഹർജിയിൽ ആരോപിക്കുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ പ്രതിപക്ഷ പാർട്ടികൾക്കു വേണ്ടി അഭിഷേക് മനു സിങ് വി ആവശ്യപ്പെട്ടു. ഏപ്രിൽ 5നു ഹർജി പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
പ്രതിപക്ഷ പാർട്ടികളെ നിസ്സാരമായി കാണാനും അവഗണിക്കാനും കഴിയില്ലെന്നു സൂചിപ്പിക്കാൻ 14 പ്രതിപക്ഷ കക്ഷികൾക്കുമുള്ള രാഷ്ട്രീയ ശക്തിയെക്കുറിച്ചും ഹർജിയിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ പാർട്ടികൾക്കെല്ലാം കൂടി 45.1ശതമാനം വോട്ടുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 42.5 ശതമാനം വോട്ടും ഈ കക്ഷികൾക്കു ലഭിച്ചിരുന്നു. രാജ്യത്തു 11 സംസ്ഥാനങ്ങളിൽ ഇവരാണ് അധികാരത്തിലുള്ളതെന്നും ഹർജിയിൽ പറയുന്നു.
പ്രതിപക്ഷ വിമർശനങ്ങളും വാദങ്ങളും:
∙ മോദി സർക്കാർ അധികാരത്തിലെത്തുന്നതിനു തൊട്ടു മുൻപത്തെ വർഷം (2013-14) റജിസ്റ്റർ ചെയ്യപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) കേസുകൾ 209 ആയിരുന്നു. 2020-21ൽ ഇത് 981 ആയും 2021- 22ൽ ഇത് 1180 ആയും വർധിച്ചു. എന്നാൽ ഇതുവരെ 23 കേസുകളിൽ മാത്രമാണു പ്രതികൾ ശിക്ഷിക്കപ്പെട്ടത്.
∙ 2004-2014 കാലത്തു 72 രാഷ്ട്രീയക്കാർക്കെതിരെയാണു സിബിഐ അന്വേഷണം നടത്തിയത്. ഇതിൽ 43 പേർ പ്രതിപക്ഷത്തു നിന്നുള്ളവരായിരുന്നു. 60 ശതമാനത്തിൽ താഴെ. ഇപ്പോഴതു 95% ആയി. ഇതേ രീതിയിൽ തന്നെയാണ് പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡി കേസുകളിലെയും വർധന.
അറസ്റ്റിനും റിമാൻഡിനും മാർഗരേഖ വേണം
ഇഡിയുടെയും സിബിഐയുടെയും കേസുകളിൽ അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവയിൽ മാർഗരേഖ ആവശ്യപ്പെട്ടുള്ളതാണു പ്രതിപക്ഷത്തിന്റെ ഹർജി. റിമാൻഡിനും അറസ്റ്റിനും മുൻപ്, ഗുരുതര കുറ്റമല്ലെങ്കിൽ ത്രിതല പരിശോധന ആവശ്യമാണ്. പ്രതി സ്ഥലം വിടാനുള്ള സാധ്യത, മതിയായ ന്യായമുണ്ടോ, സാക്ഷികളെ സ്വാധീനിക്കുമോ എന്നിങ്ങനെ ത്രിതല സാഹചര്യമാണ് പരിശോധിക്കേണ്ടതെന്നും ഹർജിയിലുണ്ട്. ഇതല്ലെങ്കിൽ നിശ്ചിത സമയങ്ങളിൽ മാത്രം ചോദ്യം ചെയ്യൽ, അറസ്റ്റ് ചെയ്യാതെ വീട്ടുതടങ്കൽ വച്ചു ചോദ്യം ചെയ്യൽ തുടങ്ങിയ നിർദേശങ്ങളും പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്നു.
English Summary: Political Parties Move Supreme Court Seeking Guidelines Against Alleged Arbitrary Action Of ED, CBI On Opposition Leaders