ADVERTISEMENT

ന്യൂഡൽഹി ∙ ‘‘ജയിലിലടച്ചാലും ആജീവനാന്തം അയോഗ്യനാക്കിയാലും ഞാൻ പോരാട്ടം തുടരും; എന്നെ ഭയപ്പെടുത്താമെന്നു കരുതേണ്ട. എന്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി എന്നാണ്. ഗാന്ധി ഒരിക്കലും മാപ്പു പറയില്ല’’– ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒരിഞ്ചു പിന്നോട്ടില്ലെന്നു വ്യക്തമാക്കി രാഹുൽ ഗാന്ധി നിലപാട് കടുപ്പിച്ചു. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട രാഹുൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വ്യവസായി ഗൗതം അദാനിയെയും കടന്നാക്രമിച്ചു.

‘‘അദാനിയെക്കുറിച്ച് ഞാൻ ഇനിയെന്താണു പറയുക എന്നോർത്ത് മോദി ഭയന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ ഭയം കണ്ടു. ആ വിഷയത്തിൽനിന്നു ജനശ്രദ്ധ തിരിക്കാനും പാർലമെന്റിൽ ഞാൻ പ്രസംഗിക്കുന്നതു തടയാനുമാണ് എന്നെ അയോഗ്യനാക്കിയത്. രാജ്യത്തെ ജനങ്ങളുടെ ശബ്ദമാകാൻ എനിക്ക് എംപി പദവി ആവശ്യമില്ല. ഭാരത് ജോഡോ യാത്രയിൽ നാലര മാസം ജനങ്ങൾക്കൊപ്പം നടന്നവനാണു ഞാൻ.

‘‘ലണ്ടനിൽ ഞാൻ ഇന്ത്യ വിരുദ്ധ പ്രസംഗം നടത്തിയെന്നു കേന്ദ്രമന്ത്രിമാർ പാർലമെന്റിൽ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. അതിനു മറുപടി പറയാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2 തവണ ഞാൻ സ്പീക്കർക്കു കത്തയച്ചു; മറുപടി ലഭിക്കാതിരുന്നപ്പോൾ നേരിൽകണ്ടു. പ്രസംഗം അനുവദിക്കാനാകില്ലെന്നു പറഞ്ഞ് അദ്ദേഹമെന്നെ കാപ്പി കുടിക്കാൻ ക്ഷണിച്ചു. ഒബിസി വിഭാഗത്തെ ഞാൻ അധിക്ഷേപിച്ചെന്ന വ്യാജ ആരോപണത്തിലൂടെ അദാനി വിഷയത്തിൽനിന്നു ശ്രദ്ധതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

എന്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി എന്നാണ്. ഗാന്ധി ഒരിക്കലും മാപ്പു പറയില്ല.

‘‘കുടുംബത്തോടെന്ന പോലുള്ള സ്നേഹബന്ധമാണ് എനിക്ക് വയനാടുമായുള്ളത്. എന്റെ മനസ്സിലുള്ള കാര്യങ്ങൾ അറിയിച്ച് വയനാട്ടിലെ ജനങ്ങൾക്കു ഞാൻ കത്തെഴുതും.’’– രാഹുൽ പറഞ്ഞു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പം കോൺഗ്രസ് ആസ്ഥാനത്തു രാഹുൽ നടത്തിയ വാർത്താസമ്മേളനം കേൾക്കാൻ പ്രിയങ്ക ഗാന്ധിയുമുണ്ടായിരുന്നു.

English Summary: Rahul Gandhi Press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com