ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ കക്ഷികളുമായി പാർലമെന്റിനു പുറത്തേക്കും സഹകരണം വ്യാപിപ്പിക്കാൻ കോൺഗ്രസ് മുൻകയ്യെടുക്കും. പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ പാർട്ടിതല സമിതിക്കു രൂപം നൽകുന്നതു പരിഗണനയിലുണ്ടെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ആദ്യമായാണ് ഇത്തരമൊരു സമിതിയെക്കുറിച്ച് പാർട്ടി ആലോചിക്കുന്നത്. രാഹുൽ അയോഗ്യനാക്കപ്പെട്ടതു തിരിച്ചടിയാണെങ്കിലും അതിന്റെ പേരിൽ മമത ബാനർജി അടക്കമുള്ള നേതാക്കൾ അദ്ദേഹത്തിനു പിന്നിൽ അണിനിരന്നത് രാഷ്ട്രീയ നേട്ടമായി കോൺഗ്രസ് കാണുന്നു. 

രാഹുലിന്റെ ഏറ്റവും വലിയ വിമർശകരായിരുന്ന തൃണമൂൽ, ആം ആദ്മി പാർട്ടി നേതാക്കളിൽ നിന്നുള്ള പിന്തുണ കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഇന്നലെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലും തൃണമൂൽ പങ്കെടുത്തു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ 14 കക്ഷികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കോൺഗ്രസിനു വേണ്ടി കെ.സി.വേണുഗോപാലും തൃണമൂലിനായി ഡെറക് ഒബ്രയനുമാണ് ഒപ്പുവച്ചത്. 

തിരഞ്ഞെടുപ്പിനു മുൻപ് വിശാല പ്രതിപക്ഷ സഖ്യം പ്രായോഗികമല്ലെങ്കിലും പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള പരസ്പര ധാരണ ഐക്യത്തിലേക്കുള്ള ആദ്യ ചുവടാകുമെന്നു കോൺഗ്രസ് വിലയിരുത്തുന്നു. പ്രതിപക്ഷ കക്ഷികൾക്കു കരുത്തുള്ള വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനത്തിലടക്കം ഇതിനായി കോൺഗ്രസിനു വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അതിനു കോൺഗ്രസ് തയാറായില്ലെങ്കിൽ, നിലവിലെ ഐക്യം അധികനാൾ നീളില്ലെന്നു പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടുന്നു. 

രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ചത് അതിരുവിട്ട നടപടിയാണെന്നു വിലയിരുത്തിയുള്ള വിഷയാധിഷ്ഠിത, താൽക്കാലിക പിന്തുണയാണ് തൃണമൂൽ ഉൾപ്പെടെയുള്ള കക്ഷികൾ ഇപ്പോൾ നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപുള്ള ഐക്യത്തിലേക്കും ധാരണയിലേക്കും അതു വളർത്തിയെടുക്കുക എളുപ്പമല്ല. ഇക്കാര്യങ്ങളിൽ നിരന്തരം ചർച്ച നടത്താൻ കൂടി ലക്ഷ്യമിട്ടാണു സമിതിക്കു രൂപം നൽകുന്ന കാര്യം കോൺഗ്രസ് ആലോചിക്കുന്നത്. 

English Summary: Congress plans to form committee to take forward opposition unity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com