ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചും അദാനി വിഷയത്തിൽ ജെപിസി അന്വേഷണമാവശ്യപ്പെട്ടും സംയുക്ത പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. ബഹളത്തിനിടെ ലോക്സഭയിൽ സ്പീക്കറുടെ നേർക്ക് ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, എസ്. ജ്യോതിമണി തുടങ്ങിയ അംഗങ്ങൾ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിജ്ഞാപനത്തിന്റെ കോപ്പി കീറിയെറി‍ഞ്ഞു. കറുത്ത തുണിയും വലിച്ചെറിഞ്ഞു.

കറുത്ത വസ്ത്രമണിഞ്ഞും കറുത്ത റിബൺ ചുറ്റിയും കറുത്ത തുണികൊണ്ടു വായ് മൂടിക്കെട്ടിയുമൊക്കെയാണ് പ്രതിപക്ഷം സഭയിലെത്തിയത്. ലോക്സഭയിൽ സ്പീക്കർ ഓം ബിർല വന്നപ്പോഴേക്ക് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്കു ചാടിയിറങ്ങി ഡയസിനടുത്തേക്ക് ഓടിയെത്തി. സീറ്റിലിരുന്ന സ്പീക്കർ സഭ 4 മണിവരെ പിരിയുന്നതായി പ്രഖ്യാപിക്കുമ്പോഴേക്ക് പ്രതാപനും ഹൈബിയും കടലാസുകളും കറുത്ത തുണിയും എറിഞ്ഞു. ജ്യോതിമണി സഭാ നടപടികളുടെ കടലാസുകൾ കീറിയെറിഞ്ഞു. ‘മോദാനി സർക്കാർ രാജിവയ്ക്കുക’, ‘ജനാധിപത്യം രക്ഷിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ കറുത്ത പ്ലക്കാർഡുകളും ഉയർത്തി. 

ഭരണപക്ഷം നിശ്ശബ്ദരായി ഇരിക്കുകയായിരുന്നു. സ്പീക്കർ സഭ വിട്ട ശേഷവും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ചു. കെ.മുരളീധരൻ, ഡീൻ കുര്യാക്കോസ്, എം.കെ.രാഘവൻ, ബെന്നി ബഹനാൻ, വി.കെ.ശ്രീകണ്ഠൻ, രമ്യഹരിദാസ്, തോമസ് ചാഴികാടൻ, ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി തുടങ്ങിയവർ പ്രതിഷേധത്തിലുണ്ടായിരുന്നു. 

വൈകിട്ട് 4ന് സഭ ചേർന്നപ്പോൾ ചെയറിലെത്തിയത് ബിജെപി അംഗം രമാദേവിയായിരുന്നു. ഡയസിനു ചുറ്റും നിന്നു മുദ്രാവാക്യം വിളിച്ച പ്രതിപക്ഷാംഗങ്ങൾ, ലോക്സഭാ സെക്രട്ടറി ജനറൽ ധനബില്ലിൽ രാജ്യസഭ വരുത്തിയ ഭേദഗതികളെക്കുറിച്ചു വായിക്കുമ്പോൾ അദ്ദേഹത്തിന്റെ മൈക്കിലൂടെയും മുദ്രാവാക്യം വിളിച്ചു. പ്രതാപൻ രാഹുലിനെ അയോഗ്യനാക്കിയ വിജ്ഞാപനത്തിന്റെ കോപ്പി സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് ബലമായി വച്ചു. 

രാജ്യസഭ വരുത്തിയ ഭേദഗതികളടക്കം ധനബിൽ ശബ്ദവോട്ടോടെ പാസാക്കി സഭ ഇന്നത്തേക്കു പിരിഞ്ഞു. രാജ്യസഭയിലും രാവിലെത്തന്നെ പ്രതിപക്ഷം ഒറ്റക്കെട്ടായി നടപടികൾ തടസ്സപ്പെടുത്തി. 

സ്പീക്കറെ അപമാനിച്ചെന്ന് ബിജെപി

സ്പീക്കർക്കു നേരെ കടലാസും തുണിയുമെറിഞ്ഞ പ്രതാപനും ഹൈബി ഈഡനും സ്പീക്കറെ അപമാനിച്ചെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പീയൂഷ് ഗോയൽ കുറ്റപ്പെടുത്തി. കറുത്ത വസ്ത്രം ധരിച്ചും പേപ്പർ കീറി ചെയറിനു നേരെ എറിഞ്ഞും കോൺഗ്രസ് സഭയുടെ അന്തസ്സ് കെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇരുവർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി സ്പീക്കറെ സമീപിക്കുമെന്ന് അഭ്യൂഹമുണ്ട്.

English Summary: Parliament stuck due to shouting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com