ന്യൂഡൽഹി ∙ അദാനി വിഷയത്തിൽ ജെപിസി അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങൾ കടലാസുകളും കരിങ്കൊടിയും സ്പീക്കറുടെ ഡയസിലേക്കെറിഞ്ഞ് പ്രതിഷേധിച്ചു. ഇന്നും ഇരു സഭകളിലും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കോൺഗ്രസ് അംഗങ്ങളുടെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനു ശേഷം സ്പീക്കർ ലോക്സഭയിൽ വന്നില്ല. ഇന്നലെ രാവിലെ അധ്യക്ഷ പാനലിലുള്ള വൈഎസ്ആർ കോൺഗ്രസ് അംഗം പി.വി. മിഥുൻ റെഡ്ഡിയാണു ചെയറിലെത്തിയത്. ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, എസ്.ജ്യോതിമണി എന്നിവർ അദ്ദേഹം ചെയറിലിരിക്കുന്നതിനു മുൻപേ കടലാസുകൾ കീറിയെറിഞ്ഞു. ആദ്യം എറിഞ്ഞ കരിങ്കൊടി മാർഷൽ തടഞ്ഞെങ്കിലും പ്രതാപൻ വീണ്ടും അതു ചെയറിലേക്കെറിഞ്ഞു.
സഭാംഗങ്ങളുടെ നടപടിയിൽ പ്രതിഷേധം പ്രകടിപ്പിച്ച മിഥുൻ റെഡ്ഡി ഒരു മിനിറ്റിനകം സഭ നിർത്തിവച്ചു. ഈ മാസം 13 ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടമാരംഭിച്ച ശേഷം ഇതുവരെ ചോദ്യോത്തരവേള ഉണ്ടായിട്ടില്ല.
ഉച്ചയ്ക്ക് 2ന് ചേർന്നപ്പോൾ ബിജെപി അംഗം രമാദേവിയാണു ചെയറിലെത്തിയത്. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷാംഗങ്ങൾ മോദി–അദാനി ബന്ധം ആരോപിക്കുന്ന പ്ലക്കാർഡുകളും ഉയർത്തി. ഇന്നലെയും മിക്ക പ്രതിപക്ഷാംഗങ്ങളും കറുത്ത വസ്ത്രം ധരിച്ചാണെത്തിയത്. സോണിയ ഗാന്ധി ഇന്നലെ സഭയിലെത്തിയില്ല. സഭയുടെ മേശപ്പുറത്തു വയ്ക്കാനുള്ള പേപ്പറുകൾ വച്ച ശേഷം പിരിയുന്നതായി രമാദേവി പ്രഖ്യാപിച്ചു.
കോംപറ്റീഷൻ നിയമഭേദഗതി ബിൽ അവതരിപ്പിക്കാൻ സഭയിലുണ്ടായിരുന്ന ധനമന്ത്രി നിർമല സീതാരാമൻ സഭ പെട്ടെന്നു നിർത്തിയതിൽ പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ രാം മേഘ്‌വാളിനോട് അതൃപ്തി പ്രകടിപ്പിക്കുന്നതു കാണാമായിരുന്നു.
രാജ്യസഭയിലും കാര്യമായ നടപടികളൊന്നുമുണ്ടാകാതെ പിരിഞ്ഞു. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ പെരുമാറ്റത്തിനെതിരെ നടപടി വേണമെന്ന് ചില ബിജെപി അംഗങ്ങൾ മാധ്യമങ്ങളോടു പ്രതികരിച്ചു. രാഹുൽഗാന്ധി ഒബിസി സമുദായത്തെ ആക്ഷേപിച്ചെന്നാരോപിച്ച് ബിജെപിയുടെ ഒബിസി അംഗങ്ങൾ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ ധർണ നടത്തി.
English Summary: Protests in Parliament continue, Lok Sabha, Rajya Sabha adjourned