ADVERTISEMENT

ന്യൂഡൽഹി ∙ സൂറത്ത് മജിസ്ട്രേട്ട് കോടതി ഉത്തരവ് വന്ന് ഒരാഴ്ച തികഞ്ഞിട്ടും സെഷൻസ് കോടതിയിൽ അപ്പീൽ നൽകാത്തത്, തിരക്കു കൂട്ടേണ്ടെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം കണക്കിലെടുത്ത്. 2 വർഷത്തേക്കു ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ വേണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകേണ്ടതില്ലെന്നും ജയിലിൽ പോകാൻ തയാറാണെന്നുമാണ് ഏതാനും ദിവസം മുൻപു വരെ രാഹുൽ നേതൃത്വത്തെ അറിയിച്ചിരുന്നത്.

അപ്പീൽ നൽകുന്നതിനു കോടതി അനുവദിച്ച 30 ദിവസത്തെ സാവകാശം വേണ്ടെന്നും നേരെ ജയിലിലേക്കു പോകാമെന്നും ചർച്ചകളിൽ രാഹുൽ നിലപാടെടുത്തു. പൂർവികരായ ജവാഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും ജയിലിൽ പോയവരാണെന്നും അതേ മാർഗം സ്വീകരിക്കാൻ മടിയില്ലെന്നും വ്യക്തമാക്കി.

അത്തരമൊരു നീക്കം രാജ്യത്തുടനീളം അനുകൂലവികാരം സൃഷ്ടിക്കാൻ സഹായിക്കുമെന്നു നേതൃത്വം കണക്കുകൂട്ടിയെങ്കിലും കടുത്ത മാർഗം തൽക്കാലം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നേതൃത്വത്തിന്റെ തീരുമാനം കണക്കിലെടുത്ത് അപ്പീൽ നൽകാൻ രാഹുൽ സമ്മതിച്ചതായി പാർട്ടി വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു.

അതേസമയം, അയോഗ്യനാക്കിയ നടപടിക്കു പിന്നാലെയുണ്ടായ പ്രതിഷേധവും പ്രതിപക്ഷ ഐക്യവും കേന്ദ്ര സർക്കാരിനു രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നു വിലയിരുത്തുന്ന രാഹുൽ, ധൃതിപിടിച്ച് അപ്പീൽ നൽകേണ്ടതില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഒറ്റക്കെട്ടായുള്ള പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷ ഐക്യം ബലപ്പെടുത്തുകയാണു ലക്ഷ്യം. വൈകിയാണെങ്കിലും രാഹുലിന്റെ അനുമതി ലഭിച്ചതോടെ, അപ്പീൽ നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

‘എന്റെ വീട്, താങ്കളുടെയും’

ഒൗദ്യോഗിക വസതിയൊഴിയാൻ ലോക്സഭാ ഭവനകാര്യ വിഭാഗം നിർദേശിച്ച രാഹുൽ ഗാന്ധിക്ക് താമസിക്കാൻ വീടു വാഗ്ദാനം ചെയ്തു സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് പ്രചാരണം. ‘എന്റെ വീട്, താങ്കളുടെയും’ എന്ന വാചകത്തോടെ രാഹുലിനെ സ്വന്തം വീട്ടിൽ താമസിക്കാൻ പ്രവർത്തകർ ക്ഷണിക്കുന്നതിന്റെ ദൃശ്യങ്ങളാണു വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ശിവസേന: പ്രശ്നം പരിഹരിച്ച്  രാഹുൽ

സവർക്കർ വിഷയത്തിൽ ശിവസേനയുമായുള്ള പ്രശ്നങ്ങൾ രാഹുൽ പരിഹരിച്ചു. ഇന്നലെ പാർലമെന്റിലെത്തിയ രാഹുൽ ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) എംപി: സഞ്ജയ് റാവുത്തുമായി കൂടിക്കാഴ്ച നടത്തി. സവർക്കറെ രാഹുൽ അപമാനിക്കുന്നതിൽ ശിവസേന നീരസം പ്രകടിപ്പിച്ചിരുന്നു. സോണിയയെയും രാഹുലിനെയും കണ്ടെന്നും പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും റാവുത്ത് പ്രതികരിച്ചു.

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവിറങ്ങിയതിനു ശേഷം ആദ്യമായാണ് രാഹുൽ പാർലമെന്റിലെത്തുന്നത്. പാർലമെന്റിലെ കോൺഗ്രസ് ഓഫിസിൽ സോണിയ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തി.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഇന്നലെ 19 പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു. നിലവിലെ ഐക്യം പാർലമെന്റിനു പുറത്തേക്കും വ്യാപിപ്പിക്കണമെന്നു വിവിധ കക്ഷികൾ അഭിപ്രായപ്പെട്ടു.

English Summary: Rahul Gandhi did not file appeal yet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com