ADVERTISEMENT

ന്യൂഡൽഹി ∙ ചരിത്രവും സ്മരണയും സൃഷ്ടികളിൽ സന്നിവേശിപ്പിച്ച പ്രശസ്ത കലാകാരൻ വിവാൻ സുന്ദരം (79) അന്തരിച്ചു. കൊച്ചി ബിനാലെയുടെ ആരംഭം മുതൽ സജീവമായിരുന്ന വിവാൻ സുന്ദരത്തിന്റെ ഇൻസ്റ്റലേഷനും കലാസൃഷ്ടിയും രാജ്യാന്തരതലത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കലാചരിത്രകാരിയും ക്യുറേറ്ററുമായ ഗീത കപൂറാണു ഭാര്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്കു 12നു ലോധി ശ്മശാനത്തിൽ നടക്കും. 

ലോ കമ്മിഷൻ ചെയർമാനായിരുന്ന കല്യാൺ സുന്ദർ–ഇന്ദിര ഷേർഗിൽ ദമ്പതികളുടെ മകനായി 1943 ൽ ഷിംലയിൽ ജനിച്ചു. ബറോഡ എംഎസ് യൂണിവേഴ്സിറ്റിയിൽ നിന്നു പെയിന്റിങ്ങിൽ ബിരുദം നേടിയ വിവാൻ, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ആർട്സിൽ നിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. 1971ൽ ഇന്ത്യയിൽ മടങ്ങിയെത്തി.

ശിൽപവും ഫൊട്ടോഗ്രാഫും ഉൾപ്പെടുന്ന ഇൻസ്റ്റലേഷനുകളിലൂടെയാണു വിവാൻ ശ്രദ്ധ നേടുന്നത്. മുംബൈ വർഗീയകലാപവുമായി ബന്ധപ്പെട്ട മെമ്മോറിയൽ, കൊൽക്കത്ത വിക്ടോറിയ മെമ്മോറിയലുമായി ബന്ധപ്പെട്ട ഹിസ്റ്ററി പ്രൊജക്റ്റ്, ഉംറാവു സിങ് ഷേർഗില്ലിന്റെ ഫൊട്ടോഗ്രഫുകൾ അടിസ്ഥാനമാക്കിയുള്ള ‘അമൃത’, ‘ദ് ഷേർഗിൽ ആർക്കൈവ്’ തുടങ്ങിയ സൃഷ്ടികൾ ഏറെ ശ്രദ്ധ നേടി.

ഫെബ്രുവരിയിൽ ആരംഭിച്ച ഷാർജ ബിനാലെയുടെ 30–ാം എഡിഷനിലേക്കു പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട 30 കലാകാരൻമാരിലൊരാളാണ്. പട്ടണം മുസിരിസ് പര്യവേക്ഷണത്തിലൂടെ കണ്ടെടുത്ത പൗരാണിക മൺപാത്ര അവശിഷ്‌ടങ്ങൾ ഉപയോഗിച്ചു വിവാൻ സുന്ദരം സൃഷ്‌ടിച്ച ബ്ലാക്ക് ഗോൾഡ് എന്ന ഇൻസ്റ്റലേഷൻ 2012 ലെ ഒന്നാം ബിനാലെയിൽ ഏറെ ശ്രദ്ധ നേടി. ബിനാലെയുടെ സാമ്പത്തിക പ്രതിസന്ധിയിൽ 40 ലക്ഷം രൂപ നൽകിയതും ചർച്ചയായി.

സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റിന്റെ (സഹ്മത്ത്) ട്രസ്റ്റിയായിരുന്ന അദ്ദേഹം സഹോദരി നവിന സുന്ദരവുമായി ചേർന്നു 2016 ൽ ഷേർഗിൽ സുന്ദരം ആർട്ട് ഫൗണ്ടേഷനും (എസ്എസ്എഎഫ്) ആരംഭിച്ചു. മാതൃസഹോദരി കൂടിയായ പ്രശസ്ത കലാകാരി അമൃത ഷേർഗില്ലിന്റെ രചനകളും കത്തുകളും ഉൾപ്പെടുന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്.

 

 

 

ബിനാലെയിൽ കലയുടെ കയ്യൊപ്പിട്ട് വിവാൻ സുന്ദരം വിടവാങ്ങി

 

കൊച്ചി∙ ജീവിതത്തിൽനിന്നു കലാകാരൻ വിടപറയുമ്പോഴും ആസ്വാദകർക്കായി മനോഹര കലാസൃഷ്ടികൾ കൊച്ചി മുസിരിസ് ബിനാലെയുടെ ചുമരുകളിൽ ശേഷിക്കുന്നു. രാജ്യത്തെ സമകാലീന കലാകാരന്മാരിൽ പ്രമുഖ സ്ഥാനമുള്ള വിവാൻ സുന്ദരം യാത്രയാകുമ്പോഴും അദ്ദേഹത്തിന്റെ ‘മെക്‌സിക്കൻ യാത്ര’, ‘മാച്ചുപ്പിച്ചുവിന്റെ ഉയരങ്ങൾ’ എന്നീ ഡ്രോയിങ് പരമ്പരകളിലുൾപ്പെട്ട ആവിഷ്‌കാരങ്ങൾ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലെ വേദിയിലുണ്ട്. 

മെക്സിക്കൻ നഗരമായ കാൻകുണിൽനിന്നു തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലേക്കു വിവാൻ സുന്ദരം നടത്തിയ സഞ്ചാരമാണു ‘മെക്‌സിക്കൻ യാത്ര’യുടെ സൃഷ്ടിക്ക് ആധാരം. മായൻ ക്ഷേത്രങ്ങളിലെ വാസ്‌തു രൂപങ്ങൾ, ചുവർ ശിൽപങ്ങൾ, ഇന്ദ്രിയാനുഭൂതി തരുന്ന ശിൽപ പ്രതലങ്ങൾ, മൊസേക്കുകൾ എന്നിവയിലൂടെ കടന്നുപോയ കലാകാരൻ മെക്‌സിക്കോയുടെ ഭൂതകാലത്തിനൊപ്പം അതിന്റെ അവശേഷിപ്പുകളും പ്രകൃതിയുടെ കാഴ്ചകളായി അവതരിപ്പിച്ചിരിക്കുന്നു. 

25 വരകളുടെ പരമ്പരയിൽ നിന്നുള്ള സൃഷ്ടികളാണു 'മാച്ചുപ്പിച്ചുവിന്റെ ഉയരങ്ങൾ' അവതരിപ്പിക്കുന്നത്. വിഖ്യാത ചിലിയൻ കവി പാബ്ലോ നെരൂദയുടെ 1944ലെ കവിതയുടെ പ്രചോദനത്തിലാണു തന്റെ സൃഷ്ടികൾക്കു വിവാൻ അതേ പേരു നൽകിയത്. പെയിന്റിങ്, ശിൽപവിദ്യ, ഫൊട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വിഡിയോ ആർട് എന്നിവയിലെല്ലാം പ്രതിഭ തെളിയിച്ച വിവാൻ ബിനാലെയുടെ ആദ്യപതിപ്പിലും പങ്കെടുത്തിരുന്നു. 

വിവാൻ സുന്ദരത്തിന്റെ വിയോഗത്തിൽ കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ അനുശോചിച്ചു. വിവാനും ഭാര്യ ഗീത കപൂറും കൊച്ചി ബിനാലെയെ എക്കാലത്തും പിന്തുണച്ചവരാണെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

 

English Summary: Vivan Sundaram passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com