തൈരിൽ ദഹിക്കാതെ ഹിന്ദി; തൈര് പാക്കറ്റുകളിൽ ഹിന്ദി വാക്ക് മതിയെന്ന വിവാദ ഉത്തരവ് തിരുത്തി കേന്ദ്രം

HIGHLIGHTS
  • തൈര് പായ്ക്കറ്റുകളിൽ ഹിന്ദി വാക്ക് മതിയെന്ന ഉത്തരവ് തിരുത്തി
curd-tamilnadu
Photo: Twitter/@MegaNewsUpdates
SHARE

ന്യൂഡൽഹി∙ തൈരിന്റെ ഹിന്ദി പദമായ ‘ദഹി’ എന്നു പായ്ക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന ഉത്തരവ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി പിൻവലിച്ചു. തമിഴ്നാട്ടിലും കർണാടകയിലും വലിയ എതിർപ്പിന് ഇടയാക്കിയതോടെയാണു തിരുത്ത്. ഇംഗ്ലിഷിൽ ‘curd’ എന്നു രേഖപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക ഭാഷയിൽ പൊതുവായി ഉപയോഗിക്കുന്ന വാക്കുകൂടി ചേർക്കാമെന്നാണ് പുതുക്കിയ ഉത്തരവിലുള്ളത്. 

Read also: നാളെ ഏപ്രിൽ 01: ഇന്ധനം, മണ്ണ്, മദ്യം, വണ്ടി, മരുന്ന് – ചെലവേറും, ജീവിതം മാറും; മാറ്റങ്ങൾ ഇങ്ങനെ

തൈരുൽപന്നങ്ങളിൽ ഇംഗ്ലിഷിൽ ‘കേഡ്’ എന്നു രേഖപ്പെടുത്തുന്നത് ഒഴിവാക്കി ദഹി എന്നാക്കുന്നതിനെതിരെ തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയും കർണാടകയിൽ പ്രതിപക്ഷത്തെ ജനതാദളും (എസ്) രംഗത്തു വന്നിരുന്നു. നീക്കം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന നില വന്നതോടെയാണ് ഹിന്ദി നിർബന്ധമല്ലെന്നും പ്രാദേശിക ഭാഷയിൽ തൈര് എന്നു രേഖപ്പെടുത്തിയാൽ മതിയെന്നുമുള്ള പുതിയ ഉത്തരവ് എത്തിയത്. 

Read also: ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ

ദഹി എന്നു ചേർക്കില്ലെന്നും തമിഴ്പദമായ ‘തൈർ’ ഉപയോഗിക്കുന്നതു തുടരുമെന്നും തമിഴ്നാട് സഹകരണ പാലുൽപാദന ഫെഡറേഷൻ പ്രഖ്യാപിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആരോപിച്ചു. മാതൃഭാഷയ്ക്കെതിരെ നീക്കം നടത്തുന്നവരെ ദക്ഷിണേന്ത്യ നാടുകടത്തുമെന്നും സ്റ്റാലിൻ പറഞ്ഞു. ദഹി എന്നു ചേർക്കുന്നതു ഓഗസ്റ്റിനു മുൻപ് നടപ്പാക്കണമെന്നാണ് നിർദേശമെന്നു വ്യക്തമാക്കിയ തമിഴ്നാട് ക്ഷീര വികസന മന്ത്രി എസ്.എം.നാസർ, ഹിന്ദിക്കു തമിഴ്നാട്ടിൽ സ്ഥാനമില്ലെന്നും പ്രഖ്യാപിച്ചു. പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര നയത്തോടു ചേരുന്നതല്ല അതോറിറ്റിയുടെ തീരുമാനമെന്നു ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു. 

കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കമായി ഇതു വ്യാഖ്യാനിക്കപ്പെട്ടു. കർണാടക മിൽക്ക് ഫെഡറേഷന്റെ ‘നന്ദിനി’ ബ്രാൻഡിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്നായിരുന്നു ജനതാദൾ (എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുടെ പ്രതികരണം. നന്ദിനിയെ ഗുജറാത്തിലെ അമുലുമായി ലയിപ്പിക്കുമെന്ന സൂചന മാണ്ഡ്യയിൽ പ്രസംഗിക്കവേ കേന്ദ്രമന്ത്രി അമിത് ഷാ നൽകിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Engish Summary : Controversy regarding hindi name of curd on packet 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.