ന്യൂഡൽഹി ∙ സ്പൈനൽ മസ്കുലർ അട്രോഫിയടക്കം (എസ്എംഎ) 51 അപൂർവ രോഗങ്ങൾക്കായി വിദേശത്തു നിന്നെത്തിക്കുന്ന മരുന്നുകൾക്കും അർബുദ ചികിത്സയ്ക്കുള്ള പെബ്രോലിസുമാബ് (കെയ്ട്രൂഡ) എന്ന മരുന്നിനും വില കുറയും. വ്യക്തിഗത ആവശ്യത്തിനുള്ള ഇറക്കുമതിക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ പൂർണമായി ഒഴിവാക്കി. മരുന്നുകൾക്കു പുറമേ ചികിത്സയുടെ ഭാഗമായുള്ള പ്രത്യേക ഭക്ഷണ പദാർഥങ്ങൾക്കും ഇളവ് ലഭിക്കും. വിലകൂടിയ ഇത്തരം മരുന്നുകളുടെ മേൽ കസ്റ്റംസ് തീരുവ കൂടിയുള്ളതിനാൽ പലർക്കും ഇത് അപ്രാപ്യമായിരുന്നു.
നിലവിൽ രണ്ടരലക്ഷത്തോളം രൂപ വില വരുന്നതാണ് അർബുദ ചികിത്സയ്ക്കുള്ള പെബ്രോലിസുമാബ്. സ്പൈനൽ മസ്കുലർ അട്രോഫി പോലെയുള്ള ചില അപൂർവ രോഗങ്ങൾക്ക് മുൻപ് ജിഎസ്ടി ഇളവു നൽകിയിട്ടുണ്ടെങ്കിലും മറ്റ് അപൂർവരോഗങ്ങൾക്കും നികുതി ഇളവ് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങളാണ് സർക്കാരിലെത്തിയത്. ഇളവു ലഭിക്കുന്നതിനായി മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന വ്യക്തി കേന്ദ്ര/സംസ്ഥാന ഹെൽത്ത് സർവീസസ് ഡയറക്ടറുടെയോ ജില്ലാ മെഡിക്കൽ ഓഫിസറുടെയോ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ചില അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി ഒരു കുട്ടിക്ക് ഒരു വർഷം 10 ലക്ഷം മുതൽ ഒരുകോടി രൂപ വരെ ചെലവാകുന്നുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. 5 മുതൽ 10 ശതമാനമാണ് പല മരുന്നുകളുടെയും കസ്റ്റംസ് തീരുവ.
സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദിന്റെ ചികിത്സയ്ക്കായി വിദേശത്ത് നിന്ന് മരുന്നെത്തിക്കാനുള്ള ഇറക്കുമതി ചുങ്കവും ജിഎസ്ടിയും 2021 ൽ കേന്ദ്രം ഒഴിവാക്കി നൽകിയിരുന്നു. അമേരിക്കയിലെ നൊവാർടിസ് കമ്പനി വിപണിയിലെത്തിക്കുന്ന 18 കോടി രൂപയുടെ സോൾജെൻസ്മ എന്ന ജീൻ തെറപ്പി മരുന്നു രാജ്യത്തെത്തിക്കാൻ 6 കോടിയോളം രൂപയാണ് നികുതിയായി നൽകേണ്ടിയിരുന്നത്.
2021 സെപ്റ്റംബറിൽ നടന്ന ജിഎസ്ടി യോഗത്തിലാണ് എസ്എംഎയ്ക്കുള്ള സോൾജെൻസ്മ, മസ്കുലർ ഡിസ്ട്രോഫിക്കുള്ള വിൽറ്റെപ്സോ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കിയത്. അന്ന് തന്നെ പെബ്രോലിസുമാബിന്റെ ജിഎസ്ടി 12 ൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. മരുന്നിന് ഇളവ് ബാധകമായ രോഗങ്ങളുടെ പട്ടിക കാണാൻ: bit.ly/raredise
English Summary: Drugs for rare diseases exempted fully from basic customs duty