ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയതലത്തിൽ രൂപപ്പെട്ട ഐക്യം മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസിനു പിന്നാലെ വിവിധ പ്രതിപക്ഷ കക്ഷികളും രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ ഏപ്രിൽ മൂന്നിനു സമ്മേളനം വിളിച്ചു. രാഹുൽ ഗാന്ധിക്കെതിരായ നടപടിക്കു പിന്നാലെ കേന്ദ്രത്തെ വിമർശിച്ച് രംഗത്തിറങ്ങിയ 19 പ്രതിപക്ഷ കക്ഷികൾ സമ്മേളനത്തിൽ പങ്കെടുക്കും. 

പ്രമുഖ നേതാക്കളായ അഖിലേഷ് യാദവ് (സമാജ്‌വാദി പാർട്ടി), തേജസ്വി യാദവ് (ആർജെഡി), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), സീതാറാം യച്ചൂരി (സിപിഎം), ഡെറക് ഒബ്രയൻ (തൃണമൂൽ), ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ (ജെഎംഎം), ഡി.രാജ (സിപിഐ), സഞ്ജയ് സിങ് (ആം ആദ്മി) എന്നിവർ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്. കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), ബിആർഎസ്, എൻസിപി, ജെഡിയു, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (മാണി), ആർഎസ്പി, എംഡിഎംകെ, വിസികെ ഉൾപ്പെടെയുള്ള കക്ഷികളും പ്രതിനിധികളെ അയയ്ക്കും. ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ്, ഒഡീഷയിലെ ബിജെഡി എന്നിവയെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബിജെപിക്കെതിരായ നിരയിലേക്ക് ഇരുകക്ഷികളെയും എത്തിക്കാൻ പ്രതിപക്ഷം അണിയറനീക്കം നടത്തുന്നുണ്ട്. 

രാഹുലിനെ മുൻപ് നിരന്തരം വിമർശിക്കുകയും മൂന്നാം മുന്നണി രൂപീകരിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്ത മുഖ്യമന്ത്രിമാരായ മമത ബാനർജി (തൃണമൂൽ), അരവിന്ദ് കേജ്‍‍രിവാൾ (ആം ആദ്മി), കെ.ചന്ദ്രശേഖര റാവു (ബിആർഎസ്) എന്നിവർ കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷ നിരയിൽ ഉത്സാഹത്തോടെ നിൽക്കുന്നത് ശുഭസൂചനയാണെന്നു കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തെ തലമുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും (കോൺഗ്രസ്), ശരദ് പവാറും (എൻസിപി) ഐക്യ നീക്കങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഐക്യത്തിൽ വിള്ളൽ വീഴുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുലിനെ ഉയർത്തിക്കാട്ടാതിരിക്കാൻ കോൺഗ്രസും ശ്രദ്ധിക്കുന്നു. 

പ്രതിപക്ഷ ഐക്യം പാർലമെന്റിനു പുറത്തേക്കു വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമായാണു സമ്മേളനത്തിനു സ്റ്റാലിൻ മുൻകയ്യെടുത്തത്. അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കൃത്യമായ ഇടവേളകളിൽ ഓരോ കക്ഷിയും സമാനരീതിയിൽ സമ്മേളനം വിളിച്ചുചേർക്കണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിൽ ധാരണയായിരുന്നു. 

കർണാടക: കോൺഗ്രസിന് ശുഭപ്രതീക്ഷ

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുമായി കോൺഗ്രസ് ദേശീയ നേതൃത്വം. സമീപകാലത്തു നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷയോടെ നേരിടുന്ന പോരാട്ടമായിരിക്കും കർണാടകയിലേതെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 100 സീറ്റ് പിന്നിട്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ പാർട്ടിക്കു സാധിക്കുമെന്നാണു സംസ്ഥാന ഘടകം ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ വൻ പ്രചാരണം അഴിച്ചുവിടാനൊരുങ്ങുന്ന ബിജെപിയെ നേരിടാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തിറങ്ങും. 

English Summary: Opposition unity to move ahead, Stalin calls meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com