ADVERTISEMENT

ന്യൂഡൽഹി ∙ കുറ്റക്കാരനായി വിധിക്കപ്പെടുമ്പോൾ എംപിമാരും എംഎൽഎമാരും പദവിയിൽ നിന്നു സ്വാഭാവികമായി അയോഗ്യരാക്കപ്പെടുന്നതു കടുംകൈയാണെന്നും അതുകൊണ്ടു ജനപ്രതിനിധികൾക്കു ശിക്ഷ വിധിക്കുമ്പോൾ കോടതികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ ജസ്റ്റിസ് കെ.എം.ജോസഫിന്റേതാണു പരാമർശം.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അയോഗ്യതാ നടപടികൾക്കു പിന്നാലെയുള്ള പരാമർശമെന്ന പ്രത്യേകതയും ഇതിനുണ്ട്. അപകീർത്തിക്കേസിൽ സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചതോടെയാണു രാഹുലിന് എംപി സ്ഥാനം പോയത്. 2 വർഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടാൽ എംപിമാർക്കു സ്വാഭാവികമായി സ്ഥാനനഷ്ടമുണ്ടാകുന്നതു സംബന്ധിച്ച ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ് ചൂണ്ടിക്കാട്ടിയപ്പോഴാണു കോടതിയുടെ പ്രതികരണം.

കവരത്തി സെഷൻസ് കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ഫൈസൽ അയോഗ്യനായിരുന്നു. ഇതു പിന്നീട് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ നടപടിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അപ്പീലും സ്റ്റേ ഉത്തരവിനു ശേഷവും എംപി സ്ഥാനം തിരിച്ചുനൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഫൈസൽ നൽകിയ ഹർജിയുമാണ് ഇന്നലെ കോടതി പരിഗണിച്ചത്. ഹർജി 24നു പരിഗണിക്കാനായി മാറ്റി.

  മുഹമ്മദ് ഫൈസലിന്റെ ശിക്ഷാ വിധി സ്റ്റേ ചെയ്ത നടപടിയിൽ വിശദമായ പുനഃപരിശോധനയുണ്ടാകുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. അപൂർവ സാഹചര്യങ്ങളിലെ ശിക്ഷാവിധിയുടെ കാര്യത്തിലേ പുനഃപരിശോധനയുണ്ടാകൂവെന്നു ജസ്റ്റിസ് കെ.എം.ജോസഫ് നിരീക്ഷിച്ചു. ജനപ്രതിനിധികൾക്കു സാധാരണ പൗരന്മാർക്കുള്ള അവകാശം മാത്രമേയുള്ളെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. ഫൈസലിനെതിരെയുള്ളതു ഗുരുതര കുറ്റമാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

 

 

English Summary: SC on PP Mohammed case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com