ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു ജയിൽമോചിതനായി. 34 വർഷം മുൻപു വഴിയിലുണ്ടായ തർക്കത്തിനിടെ ഗുർണാം സിങ് എന്നയാളെ ആക്രമിച്ച കേസിൽ, ഒരു വർഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട സിദ്ദു കഴിഞ്ഞ മേയ് മുതൽ പട്യാല സെൻട്രൽ ജയിലിലായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഗുർണാം സിങ് തുടർന്ന് ആശുപത്രിയിൽ മരിച്ചു. ജയിലിലെ നല്ല നടപ്പും പരോൾ ഉപയോഗിച്ചില്ല എന്നതും കണക്കിലെടുത്ത് ശിക്ഷയിൽ 2 മാസത്തെ ഇളവ് ലഭിച്ചു. ഇന്നലെ വൈകിട്ട് ആറിനു മോചിതനായ അദ്ദേഹത്തിനു ജയിലിനു പുറത്ത് അനുയായികൾ വൻ സ്വീകരണമൊരുക്കി. 

ജലന്തർ ലോക്സഭാ സീറ്റിലേക്ക് മേയ് 10ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ദു ജയിൽമോചിതനായത് പ്രചാരണത്തിൽ ഗുണം ചെയ്യുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. അതേസമയം, രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുന്ന സിദ്ദുവിന് പാർട്ടിയിൽ എന്തു പദവി നൽകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ട്. പിസിസി പ്രസിഡന്റായിരുന്ന സിദ്ദു, പാർട്ടിയിൽ പ്രധാന പദവി പ്രതീക്ഷിക്കുന്നുണ്ട്. 

സിദ്ദുവാണ് 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത്. ദയനീയമായി തോറ്റതോടെ, അദ്ദേഹത്തിനെതിരെ സംസ്ഥാന ഘടകത്തിൽ ശക്തമായ എതിർപ്പുയർന്നിരുന്നു. സംസ്ഥാന നേതൃനിര അടിമുടി ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായി യുവനേതാവ് അമരിന്ദർ സിങ് രാജാ ബ്രാറിനെ പിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിച്ചു. ഇതിൽ നീരസമുണ്ടായിരുന്ന സിദ്ദു ജയിലിലായിരിക്കെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചിരുന്നു. മനസ്സിലുള്ളത് വിളിച്ചുപറയുന്ന സിദ്ദുവിനെ പിണക്കാതെ നിർത്തുക വരുംനാളുകളിൽ സംസ്ഥാന നേതൃത്വത്തിനു വെല്ലുവിളിയാകും. ഹൈക്കമാൻഡിൽ പ്രിയങ്ക ഗാന്ധിയുടെ പിന്തുണയാണു സിദ്ദുവിന്റെ ബലം. 

∙ ‘എന്നെ ആർക്കും ഭയപ്പെടുത്താനാവില്ല. എന്റെ ഭാര്യ അർബുദ ബാധിതയാണ്. ഞാൻ ജയിലിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിയിരുന്നെങ്കിൽ ഇപ്പോൾ മോചനം സാധ്യമാകുമായിരുന്നില്ല. ഏതൊരു കോൺഗ്രസ് പ്രവർത്തകനെയും പോലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പിന്നിൽ ഞാൻ അണിനിരക്കും.’ – നവജ്യോത് സിങ് സിദ്ദു.

English Summary: Navjot Sidhu walks out from Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com