ഹജ് തീർഥാടകർക്ക് എസ്ബിഐ ഫോറിൻ ട്രാവൽ കാർഡ്

Mail This Article
ന്യൂഡൽഹി ∙ ഹജ് തീർഥാടകർക്ക് സൗദി അറേബ്യയിലെ ചെലവുകൾ ഇത്തവണ സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ ഫോറിൻ ട്രാവൽ കാർഡിലൂടെ നടത്താം. എടിഎം കാർഡിനു സമാനമായ പ്രീപെയ്ഡ് കാർഡ് പണമിടപാടുകൾക്ക് ഉപയോഗിക്കാം. കാർഡിൽ പണം കുറവായാൽ നാട്ടിൽനിന്ന് ബന്ധുക്കൾക്ക് ടോപ്അപ് ചെയ്യാം. കാർഡ് നഷ്ടമായാൽ തുക റീഫണ്ട് ചെയ്യും. കാർഡിന്റെ മറ്റു ചാർജുകൾ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. തീർഥാടകർക്ക് ഇൻഷുറൻസ് സേവനം നൽകുന്നതും എസ്ബിഐയാണ്.
കറൻസിയായി പണം കൊണ്ടുപോകുന്നതിനു തടസ്സമില്ല. എന്നാൽ, തീർഥാടകരിൽനിന്ന് ഹജ് കമ്മിറ്റി പണം വാങ്ങി 2,100 സൗദി റിയാലാക്കി മാറ്റിനൽകുന്നത് ഇത്തവണയുണ്ടാകില്ല. എന്നാൽ, ഹജ് പുറപ്പെടൽ കേന്ദ്രങ്ങളിലെ എസ്ബിഐ സ്റ്റാളുകളിൽ റിയാൽ മാറ്റിവാങ്ങാനും ഫോറിൻ ട്രാവൽ കാർഡ് എടുക്കാനും സാധിക്കും.
ഇന്ത്യയിൽനിന്ന് 1.4 ലക്ഷം പേർ
ഹജ് തീർഥാടനത്തിനായി രാജ്യത്ത് 1.4 ലക്ഷം പേർ തിരഞ്ഞെടുക്കപ്പെട്ടു. 10,621 പേർ 70 വയസ്സിനു മുകളിലുള്ളവരും 4,314 പേർ മെഹറം (ആൺതുണ) ഇല്ലാത്ത വനിതകളുമാണ്. കേരളത്തിൽനിന്ന് 10,331 പേർക്കാണ് അവസരം. രാജ്യത്തെ ആകെ അപേക്ഷകർ 1.84 ലക്ഷമായിരുന്നു. ഏകദേശം 45,000 പേർ വെയ്റ്റ് ലിസ്റ്റിലുണ്ട്.
English Summary : SBI foreign travel card for Hajj pilgrims