ADVERTISEMENT

ന്യൂഡൽഹി ∙ ജഡ്ജിമാരെയും ഇന്ത്യൻ നീതിപീഠത്തെയും അപകീർത്തിപ്പെടുത്തി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി നിരുപാധികം മാപ്പു പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങൾക്കു പുറമേ ദേശീയ ദിനപത്രങ്ങളിലും മാപ്പപേക്ഷ നൽകണമെന്ന് ജസ്റ്റിസ് എം.ആർ.ഷാ, ജസ്റ്റിസ് സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 

മോദിക്കു വേണ്ടി നൽകിയ സത്യവാങ്മൂലത്തിലെ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. വിശദീകരണങ്ങൾ പോലും നീതിപീഠത്തെ അവഹേളിക്കുന്ന രീതിയിലാണെന്ന് കോടതി പറഞ്ഞു. 

കടുത്ത പരാമർശങ്ങളാണ് ലളിത് മോദിക്കെതിരെ കോടതി നടത്തിയത്. കോടതി ചിലരുടെ പോക്കറ്റിലാണെന്നതു കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? നീതിപീഠം ഇത്ര ദുർബലമാണെന്ന് കരുതിയോ? ഇതു പൊറുക്കാനാവില്ല. ലളിത് മോദി നിയമത്തിന് അതീതനല്ല. എന്തും വിലയ്ക്കു വാങ്ങാമെന്നാണ് അദ്ദേഹം കരുതുന്നത്. ആദ്യം നിരുപാധിക മാപ്പു പറയുക. കോടതിയിൽ പറയുന്ന മാപ്പിൽ മാത്രം കാര്യമില്ല. 

നിരുപാധികം മാപ്പു പറയുമെന്നും ദേശീയപത്രങ്ങളുടെ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എഡിഷനുകളിൽ മാപ്പപേക്ഷ നൽകുമെന്നും മോദിയുടെ അഭിഭാഷകൻ എ.എം.സിങ്​വി പറഞ്ഞു. 

കഴിഞ്ഞ മാർച്ച് 30ന് ആണ് അപകീർത്തികരമായ കുറിപ്പ് മോദി ട്വീറ്റ് ചെയ്തത്. 70 ലക്ഷത്തോളം പേർ സമൂഹമാധ്യമത്തിൽ ലളിത് മോദിയെ പിന്തുടരുന്നുണ്ട്. 

ഭാവിയിൽ ഇന്ത്യൻ നീതിപീഠത്തെ ചെറിയ രീതിയിലാണെങ്കിൽ പോലും വിമർശിക്കുന്ന ഇതുപോലുള്ള പ്രതികരണങ്ങൾ നടത്തരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. സാമ്പത്തിക ക്രമക്കേടിന് കേന്ദ്രഏജൻസികൾ കേസെടുത്തതിനെ തുടർന്ന് രാജ്യംവിട്ട ലളിത് മോദി ഇപ്പോൾ യുകെയിലാണ്. 

English Summary: Supreme Court against Lalit Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com