ADVERTISEMENT

ലക്നൗ ∙ വെടിയേറ്റു മരിച്ച സമാജ്‌വാദി പാർട്ടി മുൻ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദ് താൻ കൊല്ലപ്പെട്ടാൽ യുപി മുഖ്യമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് അയയ്ക്കണമെന്ന നിർദേശത്തോടെ രണ്ടാഴ്ച മുൻപ് കത്തുകൾ തയാറാക്കിയിരുന്നു. കത്തുകൾ ഇരുവർക്കും അയച്ചുകൊടുത്തെന്ന് അതീഖിന്റെ അഭിഭാഷകൻ വിജയ മിശ്ര അറിയിച്ചു. 

‘കൊല്ലപ്പെടുകയോ മറ്റെന്തെങ്കിലും അത്യാഹിതം സംഭവിക്കുകയോ ചെയ്താൽ അയയ്ക്കാൻ ഉദ്ദേശിച്ച് തയാറാക്കി മുദ്രവച്ച കവറിൽ സൂക്ഷിക്കുകയായിരുന്നു കത്തുകൾ. എന്നാൽ അവ എന്റെ കൈവശമായിരുന്നില്ല. അയച്ചതും ഞാനല്ല. കത്തുകൾ മറ്റെവിടെയോ ആയിരുന്നു സൂക്ഷിച്ചത്. അയച്ചതും മറ്റാരോ ആയിരുന്നു. ഉള്ളടക്കവും എനിക്ക് അറിയില്ല’ – അഭിഭാഷകൻ വ്യക്തമാക്കി. 

അതീഖ് അഹമ്മദ് (60) സഹോദരൻ അഷ്റഫ് അഹമ്മദ് എന്നിവരെ ശനിയാഴ്ച രാത്രി പ്രയാഗ്‌രാജിൽ പൊലീസിന്റെ കൺമുന്നിൽ ആണ് അക്രമികൾ വെടിവച്ചു കൊന്നത്. താൻ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമെന്നു ചൂണ്ടിക്കാട്ടി അതീഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതീഖ് അഹമ്മദിന്റെ ഭാര്യ ഷെയ്സ്ത പർവീൺ ഫെബ്രുവരി 27ന് മുഖ്യമന്ത്രിക്ക് അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. ഉമേഷ് പാൽ വധവുമായി ബന്ധപ്പെട്ട് തന്റെ ഭർത്താവിനെ കൊലപ്പെടുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചതായി സംശയിക്കുന്നുവെന്നാണ് കത്തിന്റെ ഉള്ളടക്കം. ഉമേഷ് പാൽ കൊല്ലപ്പെട്ട് 3 ദിവസത്തിനു ശേഷമാണ് കത്തയച്ചെതെന്നാണ് സൂചന.  

ഇതിനിടെ, അതീഖ് അഹമ്മദിന്റെ മറ്റൊരു അഭിഭാഷകന്റെ വീടിനു സമീപം ബോംബ് പൊട്ടിയത് പരിഭ്രാന്തിയുണ്ടാക്കി. അഭിഭാഷകനായ ദയാശങ്കർ മിശ്രയുടെ കത്രയിലുള്ള വീടിനു സമീപമാണ് നാടൻ ബോംബ് പൊട്ടിയത്. ആർക്കും പരുക്കില്ല. രണ്ടു യുവാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് സ്ഫോടനമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

അതേസമയം ഭീതിപരത്താനുള്ള ശ്രമമാണെന്ന് മിശ്ര പറഞ്ഞു. ഒരു ബോംബാണ് പൊട്ടിയതെന്ന് പൊലീസ് പറയുമ്പോൾ മൂന്നെണ്ണം പൊട്ടിയെന്ന് മിശ്ര പറഞ്ഞു. ബിഎസ്പി എംഎൽഎ രാജു പാലിനെ വധിച്ച കേസിലെ സാക്ഷി ഉമേഷ് പാലിനെ 2006 ൽ തട്ടിക്കൊണ്ടുപോയ കേസിൽ അതീഖ്, അഷ്റഫ് എന്നിവരുടെ അഭിഭാഷകനാണ് മിശ്ര. 

ഇതേസമയം, ഉത്തർപ്രദേശിലെ വ്യാജ ഏറ്റുമുട്ടൽ സംഭവങ്ങളുമായി ബന്ധപ്പെട്ട ഹർജി 24ന് സുപ്രീം കോടതി പരിഗണിക്കും. 2017 നു ശേഷം യുപിയിൽ 183 വ്യാജ ഏറ്റുമുട്ടൽ നടന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിശാൽ തിവാരിയാണ് കോടതിയെ സമീപിച്ചത്. സ്വതന്ത്ര അന്വേഷണം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ബെഞ്ച് പരിഗണിക്കും.

ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ യുപി ഡിജിപി, പ്രയാഗ്​രാജ് കമ്മിഷണർ എന്നിവർക്ക് നോട്ടിസ് അയച്ചു. ഉത്തർ പ്രദേശിൽ ഒരു വ്യവസായിയെയും ഇനി മാഫിയകൾക്ക് ഭീഷണിപ്പെടുത്താനാവില്ലെന്ന് ലക്നൗവിൽ ടെക്സ്റ്റൈൽ പാർക്കിന്റെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറ‍ഞ്ഞു.

English Summary: 'If murdered…': Atiq Ahmad's mystery letter sent to Yogi Adityanath, CJI Chandrachud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com