ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാർ കൈമാറുന്ന ബില്ലുകൾ ഗവർണർമാർ കഴിവതും വേഗത്തിൽ മടക്കി നൽകേണ്ടതുണ്ടെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ബില്ലുകൾക്ക് അനുമതി നൽകുന്നതു സംബന്ധിച്ച ഭരണഘടനയിലെ 200–ാം വകുപ്പു പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 

തെലങ്കാനയിൽ സർക്കാർ കൈമാറിയ 10 ബില്ലുകൾ ഗവർണർ തമിഴിസൈ സൗന്ദരരാജൻ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചുള്ള സർക്കാരിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഹർജിയിൽ പരാമർശിക്കുന്ന ബില്ലുകളിൽ നടപടി സ്വീകരിച്ചതായി ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഗവർണറുടെ അഭിഭാഷകൻ അറിയിച്ചതു കണക്കിലെടുത്താണ് കേസ് തീർപ്പാക്കിയത്. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബില്ലുകളിൽ സമയബന്ധിതമായി തീരുമാനമെടുക്കുന്നതായി ഹർജിക്കാർക്കു വേണ്ടി അഭിഭാഷകനായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. മധ്യപ്രദേശിൽ ഒരാഴ്ചയ്ക്കുള്ളിലും ഗുജറാത്തിൽ ഒരു മാസത്തിനുള്ളിലും തീരുമാനം വരുമ്പോൾ ബിജെപി ഇതര സർക്കാരുള്ള തെലങ്കാനയിൽ തീരുമാനമില്ലെന്ന വിഷയമാണ് ദവെ ചൂണ്ടിക്കാട്ടിയത്. 

എന്നാൽ, ഇവയെ സാമാന്യവൽക്കരിക്കരുതെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വാദം മുറുകുന്നതിനിടെയാണ് ഗവർണർമാർ ബില്ലുകൾ സമയബന്ധിതമായി കൈകാര്യം ചെയ്യണമെന്നു കോടതി വ്യക്തമാക്കിയത്.

English Summary : Governor's may not delay bill approval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com