ADVERTISEMENT

ന്യൂഡൽഹി/തിരുവനന്തപുരം ∙ പത്രത്തിൽ ലേഖനമെഴുതിയതിന് ജോൺ ബ്രിട്ടാസ് എംപിയോട് രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ വിശദീകരണം തേടി. ബിജെപിയിലെ പി. സുധീറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ചോദിച്ചത്. കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമർശത്തെ വിമർശിച്ചായിരുന്നു ബ്രിട്ടാസിന്റെ ലേഖനം. ലേഖനമെഴുതിയത് മൗലികാവകാശമാണെന്നും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ബ്രിട്ടാസ് വിശദീകരണം നൽകി. 

കർണാടകയിലെ യോഗത്തിൽ, ‘തൊട്ടടുത്ത് കേരളമുണ്ടല്ലോ, കൂടുതൽ ഒന്നും പറയുന്നില്ല’ എന്ന മുഖവുരയോടെ അമിത്ഷാ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു ഇംഗ്ലിഷ് മാധ്യമത്തിലെ ലേഖനം. വ്യത്യസ്ത മതങ്ങൾക്കും പ്രദേശങ്ങൾക്കുമിടയിൽ സ്പർധയുണ്ടാക്കുംവിധമുള്ള അമിത്ഷായുടെ പ്രസംഗം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153എ പ്രകാരം കുറ്റകരമാണെന്നാണു ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്. 

ലേഖനത്തിന്റെ പേരിൽ വിശദീകരണം തേടുന്നതു കേട്ടുകേൾവിയില്ലാത്ത രീതിയാണെന്നു ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. ബിജെപിക്കെതിരെ സംസാരിക്കുന്ന എംപിമാരെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അമിത്ഷാ നടത്തിയ പരാമർശം കുറ്റമല്ലാതാക്കുകയും അതിനെ വിമർശിച്ചുള്ള ലേഖനം കുറ്റകരമാക്കുകയും ചെയ്യുകയാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

ജോൺ ബ്രിട്ടാസ് എംപിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയ രാജ്യസഭാധ്യക്ഷന്റെ നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. രാജ്യം എത്തി നിൽക്കുന്ന അപകട സ്ഥിതിയുടെ ഉദാഹരണമാണിത്. സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്നുണ്ട്. മാനവിക വികസന സൂചികകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സൊമാലിയയോട് ഉപമിച്ചത് ഉദാഹരണം. അഭിപ്രായസ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പാക്കുന്നതാണെന്നതു വിസ്മരിച്ചു മുന്നോട്ടു പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ എതിർക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

 

 

English Summary: Rajya Sabha Chairman Summons John Brittas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com