ADVERTISEMENT

ന്യൂഡൽഹി ∙ റേഡിയോ ശ്രോതാക്കൾക്ക് പരിചിതമായ ‘ദിസ് ഈസ് ഓൾ ഇന്ത്യ റേഡിയോ’ എന്ന വാചകം ഇനിയില്ല. പ്രസാർ ഭാരതിയുടെ റേഡിയോ ശൃംഖല ഇനി ‘ആകാശവാണി’ എന്ന പേരിൽ മാത്രമാകും അറിയപ്പെടുക. ഇതു സംബന്ധിച്ച് ഡയറക്ടർ ജനറൽ വസുധ ഗുപ്ത ബുധനാഴ്ച ഉത്തരവു നൽകി. വർഷങ്ങൾക്കു മുൻപേയുള്ള തീരുമാനം ഇപ്പോൾ നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്ന് പ്രസാർ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി പറഞ്ഞു. 

പ്രസാർ ഭാരതിയുടെ കീഴിലുള്ള റേഡിയോ ഓഫിസുകൾ, സ്റ്റേഷനുകൾ, മറ്റു സംരംഭങ്ങൾ എന്നിവയെല്ലാം ‘ആകാശവാണി’ എന്നറിയപ്പെടുമെന്നാണ് 1990 ലെ പ്രസാർ ഭാരതി (ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ) ചട്ടത്തിൽ വ്യക്തമാക്കുന്നത്. 1997 നവംബർ 15നു നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ‘ഓൾ ഇന്ത്യ റേഡിയോ’ എന്ന് ശൃംഖല അറിയപ്പെടുന്നത് തുടർന്നു. വാർത്താ അവതാരകരും ആർജെകളുമെല്ലാം ഇത്തരത്തിലാണു പരിപാടികൾ അവതരിപ്പിച്ചിരുന്നതും. ഇതിനാണ് അവസാനമാകുന്നത്. 

∙ ടഗോർ നൽകിയ പേര് 

1939 ൽ രവീന്ദ്രനാഥ ടഗോറാണു ‘ആകാശവാണി’ എന്ന് ഓൾ ഇന്ത്യ റേഡിയോയെ ആദ്യം വിശേഷിപ്പിച്ചത്. കൽക്കട്ട ഷോർട്‌വേവ് സർവീസിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അദ്ദേഹം എഴുതിയ കവിതയിലായിരുന്നു ഇത്. 1923 ജൂണിൽ രാജ്യത്ത് റേഡിയോ സർവീസ് തുടങ്ങിയതെങ്കിലും 1936 ജൂൺ 8ന് ആണ് ഓൾ ഇന്ത്യ റേഡിയോ ഔപചാരികമായി ആരംഭിച്ചത്. നിലവിൽ 470 പ്രക്ഷേപണ കേന്ദ്രങ്ങളിൽ നിന്നായി 23 ഭാഷകളിൽ സേവനമുണ്ട്. 

English Summary : All india radio no more, akashvani only

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com