ADVERTISEMENT

ന്യൂഡൽഹി ∙ ഗോത്ര മേഖലകളിൽ തുടങ്ങിയ കലാപം മണിപ്പുരിലാകെ ആളിപ്പടർന്നതോടെ, സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല കേന്ദ്ര സർക്കാർ ഏറ്റെടുത്തു. അക്രമികളെ വെടിവച്ചു വീഴ്ത്താൻ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ് പുറപ്പെടുവിക്കണമെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശുപാർശ ഗവർണർ അനുസൂയ ഉയ്കെ അംഗീകരിച്ചു. കുഴപ്പങ്ങളുണ്ടാകുമ്പോൾ സംസ്ഥാനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രത്തെ ചുമതലപ്പെടുത്തുന്ന ഭരണഘടനയുടെ 355–ാം വകുപ്പ് പ്രകാരമാണ് മണിപ്പുരിന്റെ സുരക്ഷാ ചുമതല കേന്ദ്രം ഏറ്റെടുത്തത്. 

ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച കലാപം ഇന്നലെ രാവിലെയോടെ നിയന്ത്രണവിധേയമായെങ്കിലും സൈനിക, അർധസേനാ വിഭാഗങ്ങൾ സംസ്ഥാനത്തുടനീളം ജാഗ്രതയിലാണ്. ഇന്നലെ മുതൽ 5 ദിവസത്തേക്ക് മണിപ്പുരിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. തലസ്ഥാനമായ ഇംഫാലിലടക്കം നിരോധനാജ്ഞ ഏർപ്പെടുത്തി. മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനെ ഫോണിൽ വിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. 

ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പുർ എന്ന സംഘടന ചുരാചാന്ദ്പുർ ജില്ലയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണു സംസ്ഥാനത്തുടനീളം കലാപമായത്. മറുവശത്ത്, മെയ്തെയ് വിഭാഗത്തെ അനുകൂലിച്ച് ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി മണിപ്പുർ എന്ന സംഘടനയും രംഗത്തിറങ്ങിയതോടെ, ചേരിതിരിഞ്ഞുള്ള പോരിനു സംസ്ഥാനം സാക്ഷിയായി. 

സംഘർഷത്തിൽ ഏതാനും പേർ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. 6 പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. പ്രതിഷേധക്കാർ വീടുകൾക്കും സർക്കാർ മന്ദിരങ്ങൾക്കും തീവച്ചു. പൊലീസിനു നിയന്ത്രിക്കാനാവാത്ത വിധം സംഘർഷം വ്യാപിച്ചതോടെ, മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരം ബുധനാഴ്ച വൈകിട്ട് കരസേനയും അർധസേനയും രംഗത്തിറങ്ങി. ഇന്നലെ പുലർച്ചെയോടെ 7500 പേരെ സേന സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സേന ഫ്ലാഗ് മാർച്ച് നടത്തി. തന്റെ സംസ്ഥാനമായ മണിപ്പുർ കത്തുകയാണെന്നും സഹായിക്കണമെന്നും ബോക്സിങ് താരം മേരി കോം ബുധനാഴ്ച രാത്രി വിഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചിരുന്നു. മലനിരകളിൽ സ്ഥിതി ചെയ്യുന്ന ജില്ലകളിലാണു ഗോത്ര വിഭാഗക്കാർ ഏറെയുള്ളത്. താഴ്‌വാരത്തുള്ള ജില്ലകളിൽ മെയ്തെയ്ക്കാണു ഭൂരിപക്ഷം. ഗോത്ര വിഭാഗങ്ങൾക്കു നിലവിൽ പട്ടികവർഗ പദവിയുണ്ട്. മെയ്തെയ് കൂടി അതിലേക്കെത്തിയാൽ അവകാശങ്ങൾ നഷ്ടപ്പെടുമെന്നാണു ഗോത്ര വിഭാഗങ്ങളുടെ ആശങ്ക.

English Summary: Army called In after violence In Manipur districts over a court order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com