ADVERTISEMENT

ന്യൂഡൽഹി ∙ ഭീകരതയുടെ എല്ലാ രൂപങ്ങളെയും അസന്ദിഗ്ധമായി എതിർക്കണമെന്ന് ഗോവയിൽ നടന്ന ഷാങ്‌ഹായ് സഹകരണ ഓർഗനൈസേഷൻ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം അഭിപ്രായപ്പെട്ടു. ഭീകരവാദമാണ് രാജ്യങ്ങൾ നേരിടുന്ന മുഖ്യ സുരക്ഷാ പ്രശ്നമെന്ന് പൊതു അഭിപ്രായമുണ്ടായി. 

ഭീകരവാദത്തെച്ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പേരെടുത്തു പറയാതെയുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കും സമ്മേളനം വേദിയായി. 

അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണമെന്നും ഭീകരവാദത്തിനുള്ള എല്ലാ ധനസഹായ മാർഗങ്ങളും തടയണമെന്നും അധ്യക്ഷത വഹിച്ച ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ആവശ്യപ്പെട്ടു. രാജ്യങ്ങൾ തമ്മിലുള്ള സമഗ്ര ബന്ധമാണ് പ്രധാനം. അതേസമയം, അതതു രാജ്യങ്ങളുടെ പരമാധികാരവും അതിർത്തിയുടെ സുരക്ഷയും സംരക്ഷിക്കപ്പെടണം. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി മേഖലയിലെ രാജ്യങ്ങൾക്കു സുരക്ഷാ ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ് വേദിയിലിരിക്കുമ്പോഴാണ് ജയശങ്കറിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും കോവിഡ് പശ്ചാത്തലത്തിലുള്ള പ്രതിസന്ധികളും ജയശങ്കർ പരാമർശിച്ചു. 

ഭീകരവാദത്തെ ഒരുമിച്ചെതിർക്കണമെന്നും അത് നയതന്ത്ര നേട്ടത്തിനുള്ള ഉപകരണമാക്കരുതെന്നും പാക്ക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണ്. അടിസ്ഥാന കാരണങ്ങളാണ് കണ്ടെത്തേണ്ടത്. വിഘടിച്ചു നിന്ന് ഇരകളാകുന്നതിനു പകരം ഒരുമിച്ചു നിന്നു നേരിടുകയാണ് വേണ്ടത്. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ ചൈന വഹിച്ച പങ്കിനെ ബിലാവൽ പ്രശംസിച്ചു. 

റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവും അംഗരാജ്യങ്ങളായ കിർഗിസ് റിപ്പബ്ലിക്, കസഖ്സ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. 

English Summary : Shanghai Cooperation organisation meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com