ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര നിർദേശത്തെത്തുടർന്ന് 5 ഇ–കൊമേഴ്സ് സൈറ്റുകൾ, കാറുകളിലെ സീറ്റ് ബെൽറ്റ് അലാമുകൾ പ്രവർത്തനരഹിതമാക്കുന്ന 13,118 തരം ഉപകരണങ്ങൾ നീക്കം ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആമസോൺ, ഫ്ലിപ്കാർട്ട്, മീശോ, സ്നാപ്ഡീൽ, ഷോപ്ക്ലൂസ് എന്നീ കമ്പനികൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടിസ് നൽകിയിരുന്നു. 

സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്ന ഭാഗത്ത് ഇത്തരം അലാം സ്റ്റോപ്പർ ക്ലിപ്പുകൾ തിരുകി വച്ചാൽ ബെൽറ്റ് ധരിക്കാതിരുന്നാലും അലാം മുഴങ്ങില്ല. 

ബോട്ടിൽ ഓപ്പണർ, സിഗരറ്റ് ലൈറ്റർ എന്നീ പേരിലും അലാം സ്റ്റോപ്പർ ക്ലിപ്പുകൾ വിൽക്കുന്നുണ്ടായിരുന്നു. ചില സൈറ്റുകളിൽ ഇപ്പോഴും ഇവ ലഭ്യമാണ്. 

ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രം നടപടി ആരംഭിച്ചത്. പിൻസീറ്റിൽ ഇരുന്ന സൈറസ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. 

ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടാം 

സീറ്റ് ബെൽറ്റ് ഇടാത്തതുമൂലമുള്ള അപകടസാധ്യതയ്ക്കു പുറമേ ഇൻഷുറൻസ് ക്ലെയിമിലും ഇത്തരം ക്ലിപ്പുകളുടെ ഉപയോഗം തടസ്സം സൃഷ്ടിക്കും. ഇത്തരം ക്ലിപ്പുകൾ ഉപയോഗിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിം നിരസിക്കാനിടയുണ്ടെന്നും ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി. 2021 ൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതു മൂലം 16,000 ജീവനുകളാണ് നിരത്തുകളിൽ പൊലിഞ്ഞത്. ഇതിൽ 8,438 പേർ വാഹനമോടിച്ചിരുന്നവരും ബാക്കി യാത്രക്കാരുമായിരുന്നു. 39,231 പേർക്ക് പരുക്കേറ്റു. 

English Summary : E-commerce site stopped seat belt alarm stopper sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com