ADVERTISEMENT

ന്യൂഡൽഹി ∙ സഹകരണ സംഘങ്ങൾ ആദായനികുതിയുടെ പരിധിയിൽ വരില്ലെന്നും ഇളവിന് അർഹതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രത്യക്ഷ നികുതി ബോർഡിന്റെ സർക്കുലർ, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ നിർവചനം, ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും മുൻകാല ഉത്തരവുകൾ തുടങ്ങിയവ വിലയിരുത്തിയാണ് ഏതു സാഹചര്യത്തിലും സഹകരണ സംഘങ്ങൾക്ക് ആദായനികുതി ഇളവുണ്ടായിരിക്കുമെന്ന് ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. മുംബൈ ഇൻകംടാക്സ് കമ്മിഷണറും അണ്ണാസാഹിബ് പാട്ടീൽ മതദി കാംകർ സഹകാരി പത്പദി ലിമിറ്റഡും തമ്മിലുള്ള കേസിലാണ് കേരളത്തിലേതുൾപ്പെടെ സംഘങ്ങൾക്ക് ആശ്വാസമേകുന്ന തീരുമാനം ആവർത്തിച്ചു വ്യക്തമാക്കിയത്.

കേരളത്തിലെ മാവിലായി സർവീസ് സഹകരണ ബാങ്കും കോഴിക്കോട് ഇൻകംടാക്സ് കമ്മിഷണറും തമ്മിലുള്ള (2021) കേസിലെ വിധിയിൽ വിശദമായി പരിശോധിച്ച കാര്യങ്ങൾ കോടതി ഉത്തരവിൽ ആവർത്തിച്ചു. 

അംഗങ്ങൾക്കു വായ്പ നൽകുന്ന സഹകരണ സംഘങ്ങളും പൊതുജനത്തിനു വായ്പയും മറ്റു സേവനങ്ങളും നൽകുന്ന ബാങ്കുകളും തമ്മിൽ വലിയ അന്തരമുണ്ട്. 

അംഗങ്ങൾക്കു വായ്പ നൽകുന്നതു കൊണ്ട് മാത്രം സഹകരണ സംഘങ്ങളെ ബാങ്കായി പരിഗണിക്കരുത്. 

സംഘങ്ങൾക്ക് ആദായനികുതി ഇളവിന് അർഹതയുണ്ടെന്ന കാര്യത്തിൽ ഇൻകംടാക്സ് അപ്‍ലറ്റ് ട്രൈബ്യൂണൽ, കമ്മിഷണർ ഓഫ് ഇൻകംടാക്സ് (അപ്പീൽസ്), ഹൈക്കോടതി എന്നിവയ്ക്ക് ഒരേ അഭിപ്രായമാണെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു. 

മാവിലായി കേസിലെ വിധി

സഹകരണ സംഘങ്ങൾ നൽകുന്ന കാർഷികേതര വായ്പകളിൽ നിന്നുള്ള വരുമാനത്തിന് ആദായ നികുതി ബാധകമാണെന്ന കേരള ഹൈക്കോടതി ഫുൾ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ടാണ് മാവിലായി കേസിൽ സുപ്രീം കോടതി വിധി പറഞ്ഞത്. 1967 ലെ കേരള സഹകരണസംഘ നിയമമനുസരിച്ച്, അംഗങ്ങൾക്കു നൽകുന്ന വായ്പയിൽ നിന്നുള്ള വരുമാനത്തിനു നികുതി ഇളവു ബാധകമാണ്. അംഗങ്ങളല്ലാത്തവർക്കു വായ്പ നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ, ഇത്തരം വായ്പയിൽ നിന്നുള്ള വരുമാനത്തിനു നികുതിയിളവു ബാധകമല്ലെന്നും കോടതി വിശദീകരിച്ചു.

English Summary : Cooperative societies are eligible for income tax exemption says supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com