ADVERTISEMENT

ബെംഗളൂരു∙ സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ പക്ഷങ്ങളുടെ ശക്തിപ്രകടനം കണ്ടാണ് ഇന്നലെ ബെംഗളൂരു ഉണർന്നത്. വൈകിട്ട് ബെംഗളൂരു പാലസ് റോഡിലെ ഷാംഗ്രിലാ ഹോട്ടലിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും ഇതു തുടർന്നു.

വൈകിട്ട് 5.30 മുതൽ പാർട്ടി എംഎൽഎമാരുടെ വാഹനങ്ങൾ യോഗസ്ഥലത്തേക്ക് എത്തിത്തുടങ്ങി. 6.30ന് യോഗത്തിനായി സിദ്ധരാമയ്യ എത്തി. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച പതാകകളും പ്ലക്കാർഡുകളുമായി അനുയായികൾ കാറിനു മുന്നിൽ മുദ്രാവാക്യം വിളിച്ചു. ഇന്നാണ് ശിവകുമാറിന്റെ ജന്മദിനമെന്നും സമ്മാനമായി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

‘സിദ്ധു, സിദ്ധു’ എന്ന മുദ്രാവാക്യവുമായി സിദ്ധരാമയ്യയുടെ അനുയായികളും നിരത്തിൽ അണിനിരന്നു. രാത്രി 7.09ന് ശിവകുമാർ എത്തിയതോടെയാണ് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു തുടക്കമായത്. സിദ്ധരാമയ്യയേയും ശിവകുമാറിനേയും പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റർ യുദ്ധമാണ് നഗരത്തിലെങ്ങും. ഇന്നലെ രാവിലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സിദ്ധരാമയ്യ സന്ദർശിച്ചു.

ശിവകുമാർ രാവിലെ തുമക്കൂരു നോൻവിനെക്കെരെ കാടു സിദ്ധേശ്വര മഠത്തിൽ എത്തി ആത്മീയഗുരുവിനെ സന്ദർശിച്ചു. തുടർന്ന് ശിവകുമാറിന്റെ സുമുദായമായ വൊക്കലിഗ മഠാധിപതികൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽവച്ചു. തുമക്കൂരുവിലെ ലിംഗായത്ത് സിദ്ധഗംഗാ മഠത്തിലും ശിവകുമാർ സന്ദർശനം നടത്തി പിന്തുണ തേടിയിരുന്നു. ഇതേവരെ സ്ഥാനമാനങ്ങളൊന്നും ചോദിച്ചിട്ടില്ലാത്ത താനും മുഖ്യമന്ത്രിയാകാനുണ്ടെന്ന് ഇതിനുശേഷമാണ് അദ്ദേഹം പറഞ്ഞത്. സിദ്ധരാമയ്യയുമായി തനിക്കു വ്യക്തിപരമായി അഭിപ്രായഭിന്നതകളൊന്നും ഇല്ലെന്നും വ്യക്തമാക്കി.

ജയിച്ചത് 9 മുസ്‌ലിം സ്ഥാനാർഥികൾ

ബെംഗളൂരൂ∙ മുസ്‌ലിം വിഭാഗത്തിൽ നിന്ന് വിജയിച്ച 9 പേരും കോൺഗ്രസുകാർ. 15 പേരാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. ജനതാദൾ (എസ്) 23 മണ്ഡലങ്ങളിൽ മുസ്‌ലിം സ്ഥാനാർഥികളെ നിർത്തിയെങ്കിലും ആരും വിജയിച്ചില്ല. മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക് ബിജെപി സീറ്റ് നൽകിയിരുന്നില്ല. 

English Summary: Karnataka election: DK Shivakumar v Siddaramaiah poster war in CM race after Cong's big win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com