ADVERTISEMENT

ന്യൂഡൽഹി/ബെംഗളൂരു ∙ കർണാടകയിലെ മുഖ്യമന്ത്രിപദത്തിനായുളള വടംവലിയിൽ നിർണായകമാവുക ഗാന്ധി കുടുംബത്തിന്റെ നിലപാട്. ഭൂരിഭാഗം എംഎൽഎമാരും സിദ്ധരാമയ്യയെ ആണു പിന്തുണയ്ക്കുന്നതെങ്കിലും സോണിയ ഗാന്ധി തനിക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഡി.കെ.ശിവകുമാർ ഇന്നലെ ഡൽഹിയിലെത്തിയത്. 2019ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ‍ഡി) അറസ്റ്റ് ചെയ്തപ്പോൾ ശിവകുമാറിനെ കാണാൻ തിഹാർ ജയിലിലേക്കു പോയ ആളാണു സോണിയ. എക്കാലവും തന്നെ പിന്തുണച്ചിട്ടുള്ള സോണിയയിൽ എല്ലാ പ്രതീക്ഷയുമർപ്പിച്ചായിരുന്നു ശിവകുമാറിന്റെ ഡൽഹിയാത്ര.

മുഖ്യമന്ത്രിയെ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും സോണിയയും ചേർന്നു തീരുമാനിക്കും എന്നു ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ് എംപി ഇന്നലെ പറഞ്ഞതും സോണിയയിലുള്ള വിശ്വാസം മുറുകെപ്പിടിച്ചായിരുന്നു. ഡൽഹിചർച്ചകളിൽ തീരുമാനം സാധ്യമാകാതെ വന്നതോടെ പ്രതിസന്ധി പരിഹരിക്കാൻ സോണിയ ഡൽഹിയിൽ അടിയന്തരമായി എത്തണമെന്ന് ദേശീയ നേതൃത്വം അഭ്യർഥിച്ചു. ഉച്ചയ്ക്കു ശേഷം ഷിംലയിൽനിന്നു ഡൽഹിക്കു വിമാനമില്ലാത്തതിനാൽ യാത്ര ഇന്നത്തേക്കു മാറ്റി. രാത്രി റോഡ് മാർഗം എത്തുന്നത് ആദ്യം പരിഗണിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഒഴിവാക്കി.

എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണയല്ല, സംസ്ഥാനത്തു പാർട്ടിയെ കെട്ടിപ്പടുക്കാൻ കഴിഞ്ഞ 3 വർഷത്തിനിടെ താൻ നടത്തിയ അധ്വാനമാണു പരിഗണിക്കേണ്ടതെന്ന വാദമുന്നയിച്ചാണു മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാർ പിടിമുറുക്കിയത്. എംഎൽഎമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന രീതി കർണാടകയുടെ കാര്യത്തിലും ഹൈക്കമാൻഡ് പിന്തുടരണമെന്നു സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഖർഗെയെ വസതിയിൽ സന്ദർശിച്ച രാഹുൽ ഗാന്ധി ഇതിനോടു യോജിച്ചു.

2 പേരും അയയുന്നില്ലെന്നു കണ്ടതോടെ രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം വീതിച്ചു നൽകാമെന്ന പരിഹാര ഫോർമുല ഹൈക്കമാൻഡ് മുന്നോട്ടുവച്ചു. ഇതേ ഫോർമുല ഒരു വർഷം മുൻപ് ഹൈക്കമാൻഡ് നിർദേശിക്കുകയും ഇരുവരും അംഗീകരിക്കുകയും ചെയ്തതാണ്. അന്ന് അത് അംഗീകരിച്ചവർ ഇന്നലെ നിലപാട് കടുപ്പിച്ചു; വീതംവയ്പിനു തയാറാണെങ്കിലും അതിലെ ആദ്യപകുതി തങ്ങൾക്കു വേണമെന്ന് ഇരുവരും നിലപാടെടുത്തതോടെ ഹൈക്കമാൻഡ് കുഴങ്ങി.

ലോക്സഭ കൂടി ശിവകുമാർ നോക്കട്ടെ!

അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഘടനാപരമായി പാർട്ടിയെ മുന്നോട്ടുനയിക്കാൻ കെൽപുള്ള ശിവകുമാർ പിസിസി പ്രസിഡന്റായി തുടരുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രിപദത്തിലെ രണ്ടാം പാതി അദ്ദേഹത്തിനു നൽകാമെന്നും സിദ്ധരാമയ്യ ക്യാംപ് നിലപാടെടുത്തു. 

രാജസ്ഥാനിൽ ഈ ധാരണയിൽ മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് രണ്ടര വർഷത്തിനുശേഷം സച്ചിൻ പൈലറ്റിനു വഴിമാറി കൊടുക്കാത്തതു കർണാടകയിലും ആവർത്തിക്കുമെന്നു ശിവകുമാർ പക്ഷം ചൂണ്ടിക്കാട്ടി. വൈകിട്ട് ഇരുവരുമായി ഖർഗെ ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തിയപ്പോഴും ഇരുവരും നിലപാടുകളിൽ ഉറച്ചുനിന്നു. സോണിയ വന്നശേഷം അന്തിമ തീരുമാനമെടുത്താൽ മതിയെന്നു ശിവകുമാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഖർഗെ, ഷിംലയിൽനിന്നു സോണിയ മടങ്ങിയെത്തും വരെ കാക്കാൻ തീരുമാനിച്ചു.

വേറെയും മോഹികൾ

ഇതിനിടെ, മുഖ്യമന്ത്രിപദം ആവശ്യപ്പെട്ട് മുൻ ഉപമുഖ്യമന്ത്രി ഡോ.ജി പരമേശ്വരയുടെ അനുയായികളും ഓൾ ഇന്ത്യ വീരശൈവ മഹാസഭയും രംഗത്തുവന്നതു കൗതുകമായി. മഹാസഭയുടെ ദേശീയ അധ്യക്ഷൻ കൂടിയായ ശാമന്നൂർ ശിവശങ്കരപ്പ, മകൻ എസ്.എസ് മല്ലികാർജുനയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. മഹാസഭ കൂടി ഉൾപ്പെടുന്ന ലിംഗായത്ത് വിഭാഗത്തിൽനിന്ന് 34 കോൺഗ്രസ് എംഎൽഎമാരുണ്ട്. 

ഉപമുഖ്യമന്ത്രി സ്ഥാനമോ പ്രധാന വകുപ്പുകളോ ലഭിക്കാനുള്ള സമ്മർദ തന്ത്രമാണിതെന്നാണു വിലയിരുത്തൽ. പരമേശ്വരയുടെ മണ്ഡലം ഉൾപ്പെട്ട തുമക്കൂരു മേഖലയിലാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അനുയായികൾ പ്രകടനം നടത്തിയത്.

∙ ‘കോൺഗ്രസ് പാർട്ടി അമ്മയാണ്, അമ്പലമാണ്, എല്ലാമാണ്. ഈ പാർട്ടിയാണ് ഞങ്ങളുടെ ശക്തി. ആരും ആശങ്കപ്പെടേണ്ടതില്ല. പാർട്ടിയെ പിന്നിൽനിന്നു കുത്തുകയോ, ഭീഷണിപ്പെടുത്തുകയോ ഇല്ല. നേതൃത്വം ആവശ്യപ്പെട്ടതു പോലെ ഡൽഹിക്കു തനിച്ചാണു പോകുന്നത്. പാർട്ടിയിൽ കലാപമുണ്ടാക്കുന്നതു എന്റെ സംസ്കാരമല്ല. കഠിനപരീക്ഷണങ്ങളുടെ സമയത്ത് പാർട്ടിയെ അധികാരത്തിലെത്തിച്ചതിന്റെ സംതൃപ്തിയിലാണു ഞാനുൾപ്പെടെയുള്ള പ്രവർത്തകർ’ – ഡി.കെ. ശിവകുമാർ (ഡൽഹിയിലേക്കു പുറപ്പെടും മുൻപ് ബെംഗളൂരുവിൽ)

English Summary: Siddaramaiah and DK Shivakumar race for Karnataka chief minister post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com