ADVERTISEMENT

ന്യൂഡൽഹി∙ അപ്രതീക്ഷിതമായുണ്ടായ നീക്കത്തിൽ കിരൺ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്നു മാറ്റി. അദ്ദേഹത്തെ താരതമ്യേന അപ്രധാനമായ ഭൗമശാസ്ത്ര മന്ത്രാലയത്തിലെ കാബിനറ്റ് മന്ത്രിയാക്കി. പാർലമെന്ററി, സാംസ്കാരിക സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് നിയമമന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി. നിയമസഹമന്ത്രി എസ്.പി.സിങ് ബാഗേലിനെ ആരോഗ്യസഹമന്ത്രിയാക്കിയും മാറ്റി. 

ജുഡീഷ്യറിക്കെതിരെ റിജിജു നിരന്തരം നടത്തിയ പ്രസ്താവനകളാണു സ്ഥാനചലനത്തിനു കാരണമെന്നാണു സൂചന. ഈ പ്രസ്താവനകൾ കേന്ദ്രമന്ത്രിസഭയും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയെന്ന പ്രചാരണങ്ങൾക്കിടയിലാണു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം. രണ്ടാം മോദി സർക്കാരിൽ സ്ഥാനം തെറിക്കുന്ന രണ്ടാമത്തെ നിയമമന്ത്രിയാണു റിജിജു. നേരത്തേ രവിശങ്കർ പ്രസാദിനെ ഒഴിവാക്കിയാണു റിജിജുവിനു സ്ഥാനക്കയറ്റം നൽകിയത്. 

മുസ്‌ലിംകളിൽ ദേശീയ വികാരമുള്ളവരില്ലെന്നും ഉള്ളവർ തന്നെ സ്ഥാനമാനങ്ങൾക്കുവേണ്ടിയാണ് അങ്ങനെ നടിക്കുന്നതെന്നും കഴിഞ്ഞയാഴ്ച എസ്.പി.സിങ് ബാഗേൽ ഒരു ചടങ്ങിൽ പ്രസംഗിച്ചതും വിവാദമായിരുന്നു. സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാർക്കുകീഴിൽ മറ്റൊരു സഹമന്ത്രിയെ നിയോഗിക്കാറില്ലെന്നതാണു ബാഗേലിന്റെ മാറ്റത്തിനു കാരണമായി പറയുന്നത്. മേഘ്‌വാൾ ചുമതലയേറ്റു. റിജിജു ഇന്നു രാവിലെ ചുമതലയേൽക്കും. 

അരുണാചൽപ്രദേശിൽനിന്നുള്ള ലോക്സഭാംഗമായ റിജിജു 2021 ജൂലൈയിലാണു കാബിനറ്റ് പദവിയോടെ നിയമന്ത്രിയായത്. അതിനു മുൻപ് യുവജനക്ഷേമ, സ്പോർട്സ് സഹമന്ത്രിയായിരുന്നു. അഭിഭാഷകനാണെങ്കിലും അധികം പ്രാക്ടിസ് ചെയ്തിട്ടില്ലാത്ത റിജിജുവിനെ നിയമമന്ത്രാലയത്തിന്റെ ചുമതല നൽകിയതു വ്യക്തിബന്ധങ്ങൾ തീരുമാനങ്ങളെ ബാധിക്കാതിരിക്കാനാണെന്നു സൂചനകളുണ്ടായിരുന്നു. എന്നാൽ ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം ഭരണഘടനാവിരുദ്ധമാണെന്നു തുറന്നടിച്ച റിജിജു, ജുഡീഷ്യറി ജനങ്ങളിൽനിന്നകന്നു നിൽക്കുന്നുവെന്ന തരത്തിൽ നിരന്തരം പ്രസ്താവനകൾ നടത്തിയിരുന്നു. വിരമിച്ച ജഡ്ജിമാർ ‘ഇന്ത്യ വിരുദ്ധ ഗ്യാങ്ങി’ന്റെ ഭാഗമാണെന്നും ആരോപിച്ചു. 

കേന്ദ്രസർക്കാരിനെതിരെ അടുത്തകാലത്തുവന്ന ചില വിധികളുടെ പശ്ചാത്തലത്തി‍ൽ സർക്കാരും കോടതിയും തമ്മിൽ പോരാട്ടത്തിലാണെന്ന പ്രതീതിയുളവായതിൽ പ്രധാനമന്ത്രിക്കും ബിജെപിക്കും അസ്വസ്ഥതയുണ്ടായിരുന്നു. ആർഎസ്എസും എതിരഭിപ്രായം പറഞ്ഞു. സ്വതന്ത്രചുമതലയുളള സഹമന്ത്രി ജിതേന്ദ്രസിങ്ങായിരുന്നു ഭൗമശാസ്ത്ര വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 

English Summary: Kiren Rijiju replaced as law minister shifted to earth sciences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com