ADVERTISEMENT

ന്യൂഡൽഹി ∙ കർണാടകയിലെ മുഖ്യമന്ത്രിപ്പോര് രമ്യമായി പരിഹരിച്ചതിലൂടെ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കോൺഗ്രസിനുള്ളിൽ പ്രതിഛായ മിനുക്കി. പ്രസിഡന്റ് പദമൊഴിഞ്ഞ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചെങ്കിലും അടിയന്തര ഘട്ടങ്ങളിൽ പാർട്ടിയുടെ അഭയം ഇപ്പോഴും സോണിയ ഗാന്ധി തന്നെയെന്നും കർണാടക പ്രതിസന്ധി തെളിയിച്ചു. നെഹ്റു കുടുംബം കെട്ടിയിറക്കിയ പ്രസിഡന്റ് എന്ന പേരുദോഷം മുൻപ് കേട്ട ഖർഗെ, അനുഭവസമ്പത്തിലൂടെ ആർജിച്ച നേതൃത്വഗുണം ഫലപ്രദമായി പ്രയോഗിച്ചാണു കർണാടക പ്രതിസന്ധിക്കു പരിഹാരം കണ്ടത്. 

മുൻപ് തർക്കമുണ്ടായ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ 2018 ൽ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലിയുണ്ടായപ്പോൾ സച്ചിനെ മെരുക്കുക ഹൈക്കമാൻഡിന് എളുപ്പമായിരുന്നു. ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേലിനെതിരെ രംഗത്തിറങ്ങിയ ടി.എസ്.സിങ് ദേവിനെയും ഹിമാചലിൽ മുഖ്യമന്ത്രി പദത്തിനായി വാശിപിടിച്ച പ്രതിഭാ വീരഭദ്ര സിങ്ങിനെയും സമാന രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചു. എന്നാൽ, കർണാടകയിൽ തുല്യശക്തികളാണു പോരിനിറങ്ങിയത്.

ആരുടെയും പക്ഷം പിടിച്ചില്ല എന്നതാണു ഖർഗെ കാട്ടിയ ആദ്യ നേതൃമികവ്. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സിദ്ധരാമയ്യ ഡൽഹിയിലേക്കു പറന്നെത്തിയെങ്കിലും പിസിസി പ്രസിഡന്റിനെ ആദ്യം കാണുക എന്ന കീഴ്‌വഴക്കം ഖർഗെ പാലിച്ചു. ഡി.കെ.ശിവകുമാർ വരുന്നതിനായി ഒരു ദിവസം കാത്തിരുന്നു. സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപിക്കാതെ, ചർച്ചകളിൽ നെഹ്റു കുടുംബത്തെയും മുതിർന്ന നേതാക്കളെയും അദ്ദേഹം ഒപ്പംകൂട്ടി. നേതാക്കളുടെ ഉപദേശങ്ങൾ ഉൾക്കൊണ്ട് താൻ തെളിച്ച വഴിയിലൂടെ ചർച്ച മുന്നോട്ടു നീക്കാനും സാധിച്ചു. പ്രതിസന്ധി മൂർച്ഛിച്ച ഘട്ടത്തിൽ ഡി.കെ.ശിവകുമാറുമായി അനുനയ ചർച്ച നടത്തിയ സോണിയയുടെ നിർണായക ഇടപെടലുകൾ പാർട്ടിയെ സഹായിച്ചു. 

പതിറ്റാണ്ടുകൾക്കു ശേഷം നെഹ്റു കുടുംബം നേരിട്ട് ഇടപെടാതിരുന്ന പ്രതിസന്ധി കൂടിയാണു കർണാടകയിലേത്. രാജസ്ഥാൻ, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ് വിജയങ്ങൾക്കു ശേഷമുള്ള ചർച്ചകൾ രാഹുൽ ഗാന്ധിയാണു നയിച്ചത്. ഹിമാചൽ സർക്കാർ രൂപീകരണത്തിൽ പ്രിയങ്ക ഗാന്ധിയുടെ സജീവ ഇടപെടലുണ്ടായിരുന്നു. എന്നാൽ, കർണാടകയിൽ കളത്തിലിറങ്ങി കളിച്ചത് ഖർഗെയും സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രൺദീപ് സിങ് സുർജേവാലയുമാണ്. നിർദേശങ്ങളുമായി കളത്തിനു പുറത്തു നിൽക്കുന്ന പരിശീലകന്റെ റോളിലായിരുന്നു നെഹ്റു കുടുംബം. തുടക്കത്തിൽ പ്രതിരോധത്തിലായെങ്കിലും അധ്വാനിച്ച് കളിച്ച് ജയം നേടിയാണു ‘ടീം ഖർഗെ’ കളം വിട്ടത്. 

അടുത്ത ദൗത്യം രാജസ്ഥാൻ

കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അടുത്ത ദൗത്യം രാജസ്ഥാൻ. മുഖ്യമന്ത്രി അശോക് ഗെലോട്ടും യുവ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് പരിഹരിക്കാൻ ഹൈക്കമാൻഡ് ഉടൻ ഇടപെടുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ ഡൽഹിയിലെത്തിയ സച്ചിൻ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ഈ വർഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇരു നേതാക്കളെയും അനുനയിപ്പിച്ച് മുന്നോട്ടു നീങ്ങുകയാണു ഹൈക്കമാൻഡിന്റെ ലക്ഷ്യം. 

English Summary: Mallikarjun Kharge's mature dealings helps resolve Karnataka crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com