ന്യൂഡൽഹി ∙ സിവിൽ സർവീസ് (2022) പരീക്ഷയിൽ ആദ്യ 4 റാങ്കുകളും വനിതകൾക്ക്. ഇഷിത കിഷോർ, ഗരിമ ലോഹ്യ, ഉമാ ഹരതി, സ്മൃതി മിശ്ര എന്നിവരാണ് ആദ്യ 4 സ്ഥാനങ്ങളിൽ. കോട്ടയം പാലാ സ്വദേശി ഗഹന നവ്യ ജയിംസ് 6–ാം റാങ്കോടെ മലയാളികൾ ഒന്നാമതായി. വി.എം.ആര്യ (36), എസ്.ഗൗതം രാജ് (63), എസ്.മാലിനി (81) എന്നിവരാണ് ആദ്യ 100 റാങ്കിലുള്ള മലയാളികൾ. ഇക്കുറി ആദ്യ 10 റാങ്കിൽ ആറും ആദ്യ 25 റാങ്കിൽ പതിനാലും വനിതകൾക്കാണ്. കഴിഞ്ഞ വർഷവും ആദ്യ 3 റാങ്കുകൾ വനിതകൾക്കായിരുന്നു.
ആദ്യ നൂറിൽ 4 മലയാളികൾ
ഗഹന നവ്യ ജയിംസ് (റാങ്ക് 6)
പാലാ സെന്റ് തോമസ് കോളജ് ഹിന്ദി വിഭാഗം റിട്ട. മേധാവി മുത്തോലി ചിറയ്ക്കൽ ഡോ. സി.കെ.ജയിംസിന്റെയും കാലടി സംസ്കൃത സർവകലാശാല മുൻ ഹിന്ദി അധ്യാപിക ഡോ. ദീപ ജോർജിന്റെയും മകൾ. ബിഎ ഹിസ്റ്ററിക്കും എംഎ പൊളിറ്റിക്കൽ സയൻസിനും എംജി സർവകലാശാലയിൽ ഒന്നാം റാങ്ക്. ഇപ്പോൾ എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഗവേഷക വിദ്യാർഥി.
വി.എം.ആര്യ (റാങ്ക് 36)
ബാലരാമപുരം തലയൽ മഹാദേവപുരം ശിവക്ഷേത്രത്തിനു സമീപം ആവണിയിൽ റിട്ട.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ വെങ്കിടേശ്വരൻ പോറ്റിയുടെയും നേമം ജിയുപിഎസ് റിട്ട. അധ്യാപിക വി.ആർ.മിനിയുടെയും ഏക മകൾ. രണ്ടാം ശ്രമത്തിലാണ് നേട്ടം കൈവരിച്ചത്.
എസ്. ഗൗതം രാജ് (റാങ്ക് 63)
ഖാദി ബോർഡ് മുൻ സെക്രട്ടറി കൊല്ലം ചവറ തോട്ടിനുവടക്ക് മരുന്നൂർ പടിഞ്ഞാറ്റതിൽ പി. സോമരാജൻപിള്ളയുടെയും മുൻ പ്രഥമാധ്യാപിക ആർ.എസ്.സുഷമാദേവിയുടെയും ഇളയമകൻ. കഴിഞ്ഞതവണ ഐപിഎസ് ലഭിച്ചതിനെത്തുടർന്ന് ഇപ്പോൾ പരിശീലനത്തിലാണ്. കർണാടകയിൽ ഇന്ത്യൻ റവന്യു സർവീസിലുള്ള കണ്ണൂർ പയ്യന്നൂർ സ്വദേശി അർച്ചനയാണ് ഭാര്യ.
എസ്. മാലിനി (റാങ്ക് 81)
മാവേലിക്കര ചെട്ടികുളങ്ങര കൈതവടക്ക് പ്രതിഭയിൽ അഡ്വ.പി.കൃഷ്ണകുമാറിന്റെയും എസ്.ശ്രീലതയുടെയും (റിട്ട.അധ്യാപിക, നൂറനാട് പടനിലം എച്ച്എസ്എസ്) മകൾ. 2020 ൽ 135–ാം റാങ്ക് നേടിയിരുന്ന മാലിനി ഇൻകംടാക്സ് അസിസ്റ്റന്റ് കമ്മിഷണറായി നാഗ്പുരിൽ പരിശീലനം നേടുന്നതിനിടെ അവധിയെടുത്താണ് വീണ്ടും പരീക്ഷയെഴുതിയത്. ആദ്യ കെഎഎസ് പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ്.
English Summary: Civil service rank holders