ന്യൂഡൽഹി ∙ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു വലിയ പ്രചാരണം നടത്താനൊരുങ്ങുന്ന ബിജെപിയുടെ വിഡിയോകളിലൊന്നിന്റെ രൂപരേഖ പാർട്ടിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ അബദ്ധത്തിൽ ട്വീറ്റു ചെയ്തതു ചർച്ചയായി. പാർലമെന്റിൽ സ്ഥാപിക്കുന്ന സ്വർണച്ചെങ്കോലിനെക്കുറിച്ചുള്ള വിഡിയോയുടെ ഡ്രാഫ്റ്റാണ് ലീക്കായത്.
അബദ്ധം മനസ്സിലായ ഉടൻ മാളവ്യ ട്വീറ്റ് പിൻവലിച്ചെങ്കിലും വിഡിയോ പ്രചരിച്ചു. ദൃശ്യങ്ങളില്ലാത്ത വിഡിയോയിൽ സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. ചെങ്കോൽ സ്ഥാപിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമാണെന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയിൽ മോദി ചിന്താമഗ്നനായിരിക്കുന്ന ചിത്രം വയ്ക്കണം എന്നും 28 ലെ പരിപാടിയിൽ തമിഴ്നാട്ടിൽനിന്നുള്ള മേളക്കാരുടെ കൂടെ മോദി ആദരവോടെ നടക്കുന്ന വിഷ്വൽ ചേർക്കണം എന്നുമൊക്കെ എഴുതിയിട്ടുണ്ട്.
ചെങ്കോൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നയുടൻ ബിജെപി നേതാക്കളെല്ലാം അതു ട്വീറ്റു ചെയ്തിരുന്നു. അതിനിടയ്ക്കാണ് മാളവ്യയുടെ ട്വീറ്റു വന്നത്. പിന്നീട് അതു പിൻവലിച്ച് പഴയ ചരിത്രം പുനരാവിഷ്കരിക്കുന്ന വിഡിയോ അദ്ദേഹം ട്വീറ്റു ചെയ്തു. അതിൽ നെഹ്റുവിന്റെ പങ്കിനെക്കുറിച്ചു പറയുന്നതും ട്വിറ്ററിൽ പലരും എടുത്തുകാണിക്കുന്നുണ്ട്. ഒടുവിൽ നെഹ്റുവിനെ അംഗീകരിക്കേണ്ടി വന്നു എന്ന മട്ടിലാണ് കമന്റുകളിൽ പലതും.
തൊഴിലാളികൾക്ക് രാജ്യത്തിന്റെ ആദരം
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനത്തിൽ പല ഘട്ടങ്ങളിൽ പങ്കാളിയായ 40000 തൊഴിലാളികളുടെ സംഭാവനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിക്കുമെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. 3 വർഷത്തെ റെക്കോർഡ് സമയം കൊണ്ടാണു നിർമാണം പൂർത്തിയായതെന്നും അമിത് ഷാ പറഞ്ഞു.
English Summary: Parliament inauguration BJP draft video leaked