ഇംഫാൽ ∙ മണിപ്പുരിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഒരാൾ വെടിയേറ്റു മരിച്ചു. 2 പേർക്ക് പരുക്കേറ്റു. ഇംഫാലിനു സമീപം ബിഷ്ണുപുരിലെ മൊയ്റാങ്ങിലാണ് വീണ്ടും കലാപമുണ്ടായത്.
മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 3 വീടുകൾ തീയിട്ടു നശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ തിരിച്ചടിയായി എതിർവിഭാഗത്തിന്റെ 4 വീടുകൾ അഗ്നിക്കിരയാക്കി.
ഇന്നലെ രാവിലെ ആയുധങ്ങളുമായി ഒരു സംഘം മൊയ്റാങ്ങിനു സമീപത്തെ ഗ്രാമങ്ങളിൽ തിരച്ചിൽ നടത്തുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് അറിയാൻ ദുരിതാശ്വാസ ക്യാംപിൽ നിന്ന് പുറത്തുവന്ന ടൊയാജാം ചന്ദ്രമാണി (29)യാണ് വെടിയേറ്റു മരിച്ചത്.
English Summary: Violence continues in Manipur