ഇംഫാൽ ∙ കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 29 മുതൽ 3 ദിവസം മണിപ്പുരിൽ സന്ദർശനം നടത്തും. മെയ്തെയ് - കുക്കി ഗോത്രവിഭാഗങ്ങളുമായി അദ്ദേഹം ചർച്ച നടത്തുമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പറഞ്ഞു. മണിപ്പുരിലെ സമാധാനത്തിനായി എല്ലാ വിഭാഗവും ശ്രമിക്കണമെന്ന് ഗുവാഹത്തിയിലെ ചടങ്ങിൽ അമിത് ഷാ അഭ്യർഥിച്ചു.
അതേസമയം, മണിപ്പുരിലെ വംശീയ കലാപത്തിന്റെ മൂലകാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ വോൾക്കർ ടർക് ആവശ്യപ്പെട്ടു. വിവിധ സമുദായങ്ങൾക്കിടയിൽ ഒരു വിഭാഗം സൃഷ്ടിക്കുന്ന വെറുപ്പിന്റെയും വിഭാഗീയതയുടെയും അനന്തരഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. സംസ്ഥാനത്ത് കർഫ്യു തുടരുന്നു. ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്.
English Summary : Amit Shah for discussion with tribal groups on Manipur riot