അതിർത്തിയിൽ ഗ്രാമനിർമാണം തുടർന്ന് ചൈന; തദ്ദേശവാസികളെ തടവിലാക്കുന്നതായും റിപ്പോർട്ട്

china-village
ഫയൽ ചിത്രം
SHARE

ന്യൂഡൽഹി ∙ അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യ ചർച്ചകൾ നടത്തുമ്പോഴും പലയിടത്തും ചൈന മാതൃകാ ഗ്രാമങ്ങളുണ്ടാക്കുന്നതു തുടരുന്നു. ഹിമാചൽ–ഉത്തരാഖണ്ഡ് അതിർത്തികളിലും അരുണാചൽ–സിക്കിം അതിർത്തികളിലുമാണു പുതിയ ഗ്രാമങ്ങളുണ്ടാക്കുന്നത്. ഇവിടെ സൈനിക സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്. 

ഹിമാചൽ–ഉത്തരാഖണ്ഡ് അതിർത്തിയിൽ നിന്ന് 7 കിലോമീറ്ററിനുള്ളിൽ ചൈനീസ് ഭാഗത്ത് പുതിയ ഗ്രാമങ്ങൾ നിർമിച്ചു കഴിഞ്ഞു. ഇവിടെ ആളുകളെ അധിവസിപ്പിച്ചു തുടങ്ങി. 300–400 വീടുകളാണ് ഇത്തരം ഗ്രാമങ്ങളിൽ നിർമിക്കുന്നത്. അതോടൊപ്പം സൈനിക പട്രോളിങും വർധിപ്പിക്കുന്നുണ്ട്. ബാരഹോട്ടി, മന, നീതി, തംഗ്‌ല മേഖലകളിൽ ചെറിയ പട്രോൾ സംഘങ്ങൾ കൂടുതലായി എത്തിയിട്ടുണ്ട്. തോലിങ് എന്ന സ്ഥലത്തിനടുത്ത് മിലിട്ടറി കോംപ്ലക്സ് നിർമാണവും നടക്കുന്നുണ്ട്. 

അരുണാചലിൽ കാമെങ് മേഖലയിൽ 2 ഗ്രാമങ്ങൾ നിർമിച്ചു. ഇവിടെ മെൻബ വംശജരായ കുടുംബങ്ങളെ പാർപ്പിച്ചിട്ടുണ്ട്. അടുത്തിടെ ചൈനയുടെ ഡ്രോൺ ഇന്ത്യൻ അതിർത്തിക്കടുത്തു പ്രത്യക്ഷപ്പെട്ടിരുന്നു. എആർ–500 സി എന്ന ഡ്രോൺ ഹെലികോപ്റ്റർ ഇന്ത്യൻ അതിർത്തിയിൽ വിന്യസിച്ചതായി ചൈനീസ് പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ചൈന ഇവിടെയും സൈനിക കോംപ്ലക്സ് നിർമിച്ചു കഴിഞ്ഞു. 

ഹിമാചൽ മേഖലയിൽ ഇന്ത്യയും അതിർത്തിയിൽ നിർമാണങ്ങളും കൂട്ടിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും എത്തിച്ചു കഴിഞ്ഞു. 3488 കിലോമീറ്ററാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർഥ നിയന്ത്രണ രേഖ. പലയിടത്തും ചൈനീസ് പട്ടാളം തദ്ദേശവാസികളെ പിടികൂടി തടവിലാക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: China constructed village near Indian border

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA