ADVERTISEMENT

നിർമാണം തുടങ്ങുന്നതിനു മുൻപേ ആരംഭിച്ച വിവാദങ്ങൾ ഉദ്ഘാടനവേളയിലും പുതിയ പാർലമെന്റ് മന്ദിരത്തെ വിടാതെ പിന്തുടരുന്നുണ്ട്. പുതിയ പാർലമെന്റ് മന്ദിരവും സെൻട്രൽ സെക്രട്ടേറിയറ്റും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളും ഉൾപ്പെടുന്ന സെൻട്രൽ വിസ്റ്റ പദ്ധതിക്കു കോവിഡ്കാലത്ത് 20,000 കോടി രൂപ ചെലവിടുന്നത് ധൂർത്തല്ലേ എന്നതായിരുന്നു ആദ്യചോദ്യം.

കോവിഡ് രൂക്ഷമായിരുന്ന കാലത്താണ് ജോലികളിലേറെയും നടന്നത്. ലോക്ഡൗൺ കാലത്ത് ചർച്ച കൂടാതെ പദ്ധതിക്ക് അനുമതി നൽകി തിരക്കിട്ടു നിർമാണം നടത്തുന്നതു വിമർശിക്കപ്പെട്ടു. തൊഴിലാളികളുടെ സുരക്ഷപോലും കണക്കിലെടുക്കാതെയുള്ള സർക്കാരിന്റെ പൊങ്ങച്ച പദ്ധതിയായി ഇതു വിശേഷിപ്പിക്കപ്പെട്ടു.

2020 ഏപ്രിൽ 23ന് ആണ് സെൻട്രൽ വിസ്റ്റ സമിതി പാർലമെന്റ് മന്ദിരനിർമാണത്തിന് ഓൺലൈൻ യോഗത്തിലൂടെ അനുമതി നൽകിയത്. വിദഗ്ധ അംഗങ്ങൾ പങ്കെടുക്കാത്ത യോഗത്തിലായിരുന്നു അനുമതിയെന്നതും ചർച്ചയായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് അംഗങ്ങളും ടൗൺ പ്ലാനർമാരുമൊന്നും യോഗത്തിലുണ്ടായിരുന്നില്ല.

അടുത്ത വിവാദം പദ്ധതിയുടെ ഡിസൈൻ കൺസൽറ്റന്റിനെ തീരുമാനിച്ചതിനെച്ചൊല്ലിയായിരുന്നു. ഓപ്പൺ ടെൻഡറില്ലാതെ പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തിലെ കമ്പനിക്കു നൽകിയതാണ് ആരോപണത്തിനിടയാക്കിയത്. പാർലമെന്റിനു സമീപത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അനുമതി നൽകിയതും ചോദ്യം ചെയ്യപ്പെട്ടു.

ഇവയെല്ലാം സംബന്ധിച്ച ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, 2021 ജനുവരിയിൽ പദ്ധതിക്ക് അനുമതി നൽകി. പരിസ്ഥിതി പഠനങ്ങൾ നടത്തിയ ശേഷമാണ് അനുമതി നൽകിയതെന്നു കേന്ദ്രസർക്കാർ നിലപാടെടുത്തു.

നിർമാണം പുരോഗമിക്കുന്നതിനിടെ പാർലമെന്റിനു മുകളിൽ അശോകസ്തംഭം സ്ഥാപിക്കുന്നതു സംബന്ധിച്ചായിരുന്നു അടുത്ത വിവാദം. സാരാനാഥിലെ സിംഹങ്ങളുടെ യഥാർഥ രൂപമല്ല, രൗദ്രഭാവമുള്ള സിംഹങ്ങളാണു സ്തംഭത്തിലുള്ളതെന്നായിരുന്നു ആരോപണം. കേന്ദ്രം പിന്നാക്കം പോയില്ല. അതു രാഷ്ട്രപതിയെക്കൊണ്ട് അനാഛാദനം ചെയ്യിക്കാതെ പ്രധാനമന്ത്രി അനാഛാദനം ചെയ്തതിനെതിരെ ചില കേന്ദ്രങ്ങൾ പരാതി ഉന്നയിച്ചെങ്കിലും കാര്യമായി ആരും ഏറ്റുപിടിച്ചില്ല.

എന്നാൽ, ഉദ്ഘാടനവേളയിലെ മുഖ്യവിവാദം അതായി. രാഷ്ട്രപതിയും ഇരുസഭകളും ചേർന്നതാണ് പാർലമെന്റ് എന്നതു കണക്കിലെടുക്കാതെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഉൾപ്പെടെ 20 പ്രതിപക്ഷ കക്ഷികൾ ചടങ്ങ് ബഹിഷ്കരിക്കുന്നത്.

English Summary: Controversy about New Parliament House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com