നിതി ആയോഗ്: വിട്ടുനിന്നത് 11 മുഖ്യമന്ത്രിമാർ
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽ കേരളത്തിൽ നിന്നു പിണറായി വിജയൻ ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുത്തില്ല. നേരത്തെ തീരുമാനിച്ച പരിപാടികളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് മിക്കവരും വിട്ടുനിന്നത്. പിണറായിക്കു പുറമേ, തമിഴ്നാടിന്റെ എം.കെ.സ്റ്റാലിൻ, കർണാടകയുടെ സിദ്ധരാമയ്യ, തെലങ്കാനയുടെ കെ.ചന്ദ്രശേഖര റാവു എന്നിവരുടെയും അസാന്നിധ്യം യോഗത്തിൽ പ്രകടമായി. വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി (ആന്ധ്ര), വി. രാമസ്വാമി (പുതുച്ചേരി) എന്നിവരാണ് ദക്ഷിണേന്ത്യയിൽ നിന്നു പങ്കെടുത്ത മുഖ്യമന്ത്രിമാർ.
ഡൽഹി ഭരണത്തിൽ കൈകടത്താനുള്ള കേന്ദ്ര സർക്കാർ ഓർഡിനൻസിൽ പ്രതിഷേധിച്ച് അരവിന്ദ് കേജ്‍രിവാളും ഗ്രാൻഡുകളും ഫണ്ടുകളും അനുവദിക്കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി ഭഗവന്ത് സിങ് മാനും (പഞ്ചാബ്) വിട്ടുനിന്നു. പിണറായി ഉൾപ്പെടെ ചില മുഖ്യമന്ത്രിമാർ പകരം ആളെ നിയോഗിക്കാമെന്ന് അറിയിച്ചെങ്കിലും മുഖ്യമന്ത്രിമാർ നേരിട്ടെത്തണമെന്ന നിലപാടായിരുന്നു നിതി ആയോഗിന്.
‘2047 ലെ വികസിത ഭാരതം’ എന്ന വിഷയം അടിസ്ഥാനമാക്കിയാണു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടന്നത്. മമത ബാനർജി (ബംഗാൾ), നിതീഷ് കുമാർ (ബിഹാർ), അശോക് ഗെലോട്ട് (രാജസ്ഥാൻ), നവീൻ പട്നായിക് (ഒഡീഷ) എന്നിവരും പങ്കെടുത്തില്ല. ഗെലോട്ട് ആരോഗ്യ കാരണങ്ങളാലാണ് എത്താതിരുന്നത്.
സ്റ്റാലിൻ വിദേശത്താണ്. ചന്ദ്രശേഖര റാവു, കേജ്‌രിവാളുമായി മുൻകൂർ നിശ്ചയിച്ച കൂടിക്കാഴ്ചയും സിദ്ധരാമയ്യ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയും വിട്ടുനിൽക്കുന്നതിനുള്ള കാരണമായി അറിയിച്ചു. മമത ബാനർജി നേരത്തെ നിശ്ചയിച്ച പരിപാടികളെ തുടർന്നാണു വിട്ടുനിന്നത്.
സംസ്ഥാനത്തെ സംഘർഷങ്ങൾ കാരണം മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് എത്തിയില്ല. പ്രത്യേക സാഹചര്യത്തിൽ, പകരം പ്രതിനിധിയെ അയച്ചു. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഡ്), സുഖ്‍വീന്ദർ സിങ് സുഖു (ഹിമാചൽപ്രദേശ്) എന്നിവർ പങ്കെടുത്തു. വിട്ടുനിന്നവരെല്ലാം പ്രതിപക്ഷ മുഖ്യമന്ത്രിമാരാണെന്നതു ബിജെപി ആയുധമാക്കി. ജനങ്ങളോടുള്ള സമീപനവും ഉത്തരവാദിത്തമില്ലായ്മയുമാണ് ഇതിൽ പ്രകടമാകുന്നതെന്നു ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു.
English Summary: Eleven chief ministers absent in Niti Aayog meeting