ADVERTISEMENT

ന്യൂഡൽഹി∙ ഗുസ്തിതാരങ്ങളുടെ സമരം കടുത്ത നടപടികളിലേക്കു കടന്നതു നരേന്ദ്രമോദി സർക്കാരിന്റെ 9–ാം വാർഷികാഘോഷങ്ങൾക്കു മങ്ങലേൽപിച്ചു. ഇതേക്കുറിച്ചു പ്രതികരിക്കാൻ ബിജെപി നേതാക്കളാരും തയാറായിട്ടില്ല. അതിനിടെ ആരോപണവിധേയനായ റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺസിങ് , പോക്സോ നിയമം ഭേദഗതി ചെയ്യാൻ അയോധ്യയിൽ സന്യാസിമാരുടെ സമ്മേളനം വിളിച്ചതും പാർട്ടിക്കു തലവേദനയായി.

യുപിയിൽനിന്നുള്ള എംപിയായ ബ്രിജ് ഭൂഷൻ സംസ്ഥാനത്തെ 5 ലോക്സഭാ മണ്ഡലങ്ങളിൽ രാഷ്ട്രീയഗതി നിയന്ത്രിക്കാൻ കെൽപുള്ളയാളാണെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. 6 തവണ എംപിയായ അദ്ദേഹം ഗോണ്ട, കൈസർഗഞ്ച്, ബൽറാംപുർ എന്നിവിടങ്ങളി‍ൽനിന്നും വൻഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്. 

ഈ മണ്ഡലങ്ങൾക്കു പുറമേ ബഹ്റൈച്, ഡൊമരിയാഗഞ്ച് എന്നിവിടങ്ങളിലും സ്ഥാനാർഥി നിർണയത്തിലടക്കം ബ്രിജ്ഭൂഷന്റെ താൽപര്യങ്ങൾക്കാണു പാർട്ടി മുൻതൂക്കം നൽകുന്നത്.

 ഗോണ്ട മേഖലയിൽ ഒട്ടേറെ സ്കൂളുകളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളുമുള്ള ബ്രിജ് ഭൂഷൻ കിരീടം വയ്ക്കാത്ത രാജാവാണ്. ബ്രിജ് ഭൂഷനെതിരെ പീഡനക്കേസും പോക്സോ കേസും ചാർജ് ചെയ്തിട്ടും അറസ്റ്റിനോ അച്ചടക്കനടപ‌‌ടിക്കോ ബിജെപി മുതിരാത്തതും ചർച്ചയായിട്ടുണ്ട്.

9–ാം വാർഷികാഘോഷ വേളയിൽ പോയവർഷങ്ങളിലെ നേട്ടങ്ങളിൽ കായികരംഗത്തെ മികവും ബിജെപി എടുത്തു പറയുന്ന സാഹചര്യത്തിലാണു രാജ്യത്തിന്റെ അഭിമാനതാരങ്ങൾ മെഡൽ ഗംഗയിൽ ഒഴുക്കാനൊരുങ്ങിയ സാഹചര്യമുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി മോദിയോ സമരവേദിക്കു വിളിപ്പാടകലെയുണ്ടായിരുന്ന രാഷ്ട്രപതിയോ തങ്ങളുടെ കണ്ണീരു കാണാനോ ഒരുവാക്കു പറയാനോ തയാറായില്ലെന്നു ഗുസ്തിതാരങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. മെഡൽ നേടിയപ്പോൾ അഭിനന്ദിച്ചവരൊന്നും പ്രതികരിച്ചുമില്ല.

ജൂൺ 5നാണ് അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിലുൾപ്പെട്ടവരടക്കമുള്ള സന്യാസിമാരുടെ യോഗം ബ്രിജ് ഭൂഷൻ വിളിച്ചിട്ടുള്ളത്. സന്യാസിമാരുടെ നേതൃത്വത്തിൽ പോക്സോ നിയമം ഭേദഗതി ചെയ്യാൻ ആവശ്യമുന്നയിക്കുമെന്ന് സിങ് ആവശ്യപ്പെട്ടതു വിവാദമായിട്ടുണ്ട്. 

പോക്സോ കേസെടുത്തിട്ടും പൊലീസ് അറസ്റ്റ് ചെയ്യാൻ മടിക്കുന്ന പ്രതി, നിയമം തന്നെ മാറ്റുമെന്നു പ്രഖ്യാപിക്കുന്നതു രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്.

പോക്സോ കേസ്; എന്നിട്ടും മെല്ലെപ്പോക്ക്

ന്യൂഡൽഹി ∙ യുപിയിലെ കൈസർഗഞ്ചിൽനിന്നുള്ള ബിജെപി എംപിയായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ 2 എഫ്ഐആർ ‍ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 താരങ്ങൾ നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നു കാട്ടിയാണു ഏപ്രിൽ 23നു താരങ്ങൾ ജന്തർമന്തറിൽ സമരം ആരംഭിക്കുന്നത്. 

സുപ്രീം കോടതി ഇടപെടലിനെ തുടർന്നു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആദ്യത്തെ കേസ്. രണ്ടാമത്തെ കേസിൽ ബ്രിജ്ഭൂഷനെയും റെസ്‌ലിങ് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും പ്രതിചേർത്തിട്ടുണ്ട്. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354എ(ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക), 354ഡി(ശല്യപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളാണു രണ്ടാമത്തെ എഫ്ഐആറിൽ. 2012 മുതൽ 2022 വരെയുള്ള സമയത്തായി പല തവണ ബ്രിജ്ഭൂഷൻ ശല്യപ്പെടുത്തിയെന്നാണു പരാതി. 

4 തവണ അതിക്രമമുണ്ടായത് അശോക റോഡിലെ ബ്രിജ്ഭൂഷന്റെ എംപി വസതിയിലാണ്. റെസ്‌ലിങ് ഫെഡറേഷൻ ഓഫിസും ഇതു തന്നെയാണ്.

English Summary: BJP keep silence on wrestlers protest

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com