ADVERTISEMENT

ന്യൂഡൽഹി ∙ അഡ്വാൻസ്‌ഡ് ജെറ്റ് ട്രെയിനർ (115–എജെടി ഹോക്ക്) വിമാന ഇടപാടിൽ ഇടനിലക്കാർ വഴി വൻകോഴ നൽകിയെന്ന ആരോപണത്തിൽ സിബിഐ കേസെടുത്തു. ബ്രിട്ടിഷ് കമ്പനിയായ റോൾസ് റോയ്സും കമ്പനിയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരുമാണ് മുഖ്യപ്രതികൾ. ഇടപാടു നടന്ന കാലത്തെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതരും ഇടനിലക്കാരും കേസിൽപ്പെടും. 2003–2012 കാലത്ത് നടന്ന വിമാന ഇടപാടിനെപ്പറ്റി 6 വർഷമായി സിബിഐ അന്വേഷണം നടത്തിവരികയായിരുന്നു.

റോൾസ് റോയ്സ്, കമ്പനിയുടെ ഇന്ത്യയിലെ ഡയറക്ടർ ടിം ജോൺസ്, ആയുധ ഇടപാടുകാരായ സുധീർ ചൗധരി, ഭാനു ചൗധരി, ബ്രിട്ടിഷ് എയ്റോസ്പേസ് എന്നിവരെ പ്രതിയാക്കിയാണു കേസെടുത്തത്. റോൾസ് റോയ്സോ പ്രതിരോധ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. ഇടനിലക്കാരെ ഇടപെടുത്തരുതെന്നു കരാർ വ്യവസ്ഥയുണ്ടായിട്ടും അതു ചെയ്തു എന്നതാണ് റോൾസ് റോയ്സ് നേരിടുന്ന ആരോപണം.

യുകെയിലെ ഒരു കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ പരാമർശങ്ങളാണു റോൾസ് റോയ്സിനെ പ്രതിക്കൂട്ടിലാക്കിയത്. റോൾസ് റോയ്സ്, ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ പ്രതിരോധകരാറുകൾ നേടിയെടുക്കാൻ വഴിവിട്ട് ഇടപെട്ടുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ യുകെയിൽ 2012ൽ അന്വേഷണം നടന്നിരുന്നു.

ലൈസൻസ് ഫീസ് വർധിപ്പിക്കാൻ മാത്രം (4040 കോടിയിൽ നിന്ന് 7575 കോടിയാക്കാൻ) റോൾസ് റോയസ് 10.10 കോടി രൂപ (ഇപ്പോഴത്തെ നിരക്കിൽ) ഇടനിലക്കാർക്കു കോഴ നൽകിയെന്നും കണ്ടെത്തി. കമ്പനിയുടെ നികുതികാര്യങ്ങളിലേക്ക് അന്വേഷണം നടത്താതിരിക്കാൻ റോൾസ് റോയ്സ് ഇന്ത്യയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു 14.25 കോടി കോഴ നൽകിയെന്നും തെളിഞ്ഞു. ഇവർ 2005–2009 കാലഘട്ടത്തിൽ നടത്തിയ ഇടപാടുകൾ കരാർലംഘനമാണെന്ന് ഈ വിധിന്യായത്തിൽനിന്നു വ്യക്തമാണെന്നു സിബിഐഎഫ്ഐആറിൽ പറയുന്നു.

എൻഡിഎ ഭരണ കാലത്ത് 2003ൽ സുരക്ഷാകാര്യ മന്ത്രിസഭാസമിതിയാണ് 66 ഹോക്ക് വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്തത്. എൻഡിഎ കാലത്തുതന്നെ ഇന്ത്യ– ബ്രിട്ടൻ‌ ധാരണാപത്രവും ഒപ്പിട്ടു. തുടർഇടപാടുകൾ നടന്നത് യുപിഎ സർക്കാരിന്റെ കാലത്താണ്.

3 ഇടപാടുകൾ സംശയനിഴലിൽ

പ്രധാനമായും 3 ഇടപാടുകളാണു കേസിന് കാരണം. ആദ്യത്തേത്, 24 എജെടി വിമാനങ്ങൾ 5653.44 കോടി രൂപയ്ക്കു വാങ്ങാനുള്ള തീരുമാനം. രണ്ടാമത്തേത്, സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ 42 എജെടി വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎൽ) നിർമിക്കാൻ നൽകിയ കരാർ. ഇതിന് 1944 കോടി രൂപ അനുവദിച്ചിരുന്നു. മൂന്നാമത്തേതു നിർമാണ ലൈസൻസിനുള്ള നിരക്ക് ഉയർത്തിയതുമായി ബന്ധപ്പെട്ടാണ്. 3080 കോടി രൂപ എന്നത് 5775 കോടി രൂപയാക്കിയാണു വർധിപ്പിച്ചത്.

English Summary: CBI files case against Rolls Royce for alleged corruption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com