ഇന്ത്യയ്ക്കെതിരെ വീണ്ടും ചൈനയുടെ പടയൊരുക്കം
Mail This Article
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ടു ചൈന പടയൊരുക്കം നടത്തുന്നു. യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള 3 വ്യോമതാവളങ്ങളിലെ സൗകര്യങ്ങൾ ചൈന ഗണ്യമായി വർധിപ്പിച്ചതായി തെളിയിക്കുന്ന ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവന്നു. ഇതുസംബന്ധിച്ച് ചൈനീസ് സേന പ്രതികരിച്ചിട്ടില്ല.
ഹൊടൻ, എൻഗാരി ഗുൻസ, ലാസ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ പുതിയ റൺവേകൾ ചൈന നിർമിച്ചു. ചെങ്ഡു ജെ 20 യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയടക്കം താവളങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ യുദ്ധവിമാനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം, സൈനികരെ പാർപ്പിക്കാനുള്ള കെട്ടിടങ്ങൾ, ആയുധപ്പുര എന്നിവയും സജ്ജമാക്കി.
ലഡാക്കിലെ ലേയിൽനിന്ന് 400 കിലോമീറ്റർ അകലെയാണ് ഹൊടൻ. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപമാണ് എൻഗാരി താവളം. അരുണാചലിലെ തവാങ്ങിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ലാസ താവളം. അതിർത്തിയിലേക്കു സൈനികരെ അതിവേഗം എത്തിക്കാൻ റെയിൽവേ ട്രാക്കുകൾ, റോഡുകൾ എന്നിവയുടെ നിർമാണം ചൈന വേഗത്തിലാക്കിയതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.
കിഴക്കൻ ലഡാക്കിൽ 2020 മുതൽ തുടരുന്ന അതിർത്തിത്തർക്കം പരിഹരിക്കാൻ വരുംദിവസങ്ങളിൽ ചർച്ച നടത്താൻ ഇരു സേനകളും തീരുമാനിച്ചിട്ടുണ്ട്. സേനാതലത്തിൽ നടത്തുന്ന 19–ാം ചർച്ചയായിരിക്കും ഇത്.
English Summary : China plans to attack India