ADVERTISEMENT

ഇംഫാൽ ∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്തുന്നതിനിടെ മണിപ്പുരിൽ വീണ്ടും സംഘർഷം. കാക്ചിങ് ജില്ലയിലെ സുഗ്ണുവിൽ സുരക്ഷാ ഉദ്യോഗസ്ഥരും സായുധ ഗ്രൂപ്പുകളും തമ്മിൽ വെടിവയ്പുണ്ടായി. ഇംഫാൽ ഈസ്റ്റിൽ നടന്ന വെടിവയ്പിൽ ഒരാൾക്ക് പരുക്കേറ്റു. 3 ദിവസമായി സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന അമിത് ഷാ നിരവധി യോഗങ്ങളിൽ പങ്കെടുത്തു. കലാപത്തിലേർപ്പെട്ട മെയ്തെയ്-കുക്കി ഗോത്രങ്ങളുടെ വിവിധ സംഘടനകളുമായും മന്ത്രി ചർച്ച നടത്തി.

കുക്കി സംഘടനകളുടെ ആവശ്യപ്രകാരം കലാപത്തിലെ ഏതാനും മരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടേക്കും. വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അന്വേഷണ കമ്മിഷനെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചതായി ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) വക്താവ് ‘മനോരമ’യോട് പറഞ്ഞു. ബിരേൻ സിങ് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും കുക്കി വിഭാഗങ്ങൾ ആവശ്യപ്പെട്ടു.

മണിപ്പുർ പൊലീസിന്റെ കമാൻഡോ വിഭാഗവും ആരംഭായ് ഉൾപ്പെടെയുള്ള തീവ്ര മെയ്തെയ് സംഘടനകളുടെ അംഗങ്ങളും ഗോത്രവിഭാഗങ്ങളെ കൂട്ടക്കൊല ചെയ്തതായി കുക്കികൾ അമിത് ഷായോട് പരാതിപ്പെട്ടു. 

കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങളായ മോറെയും കാങ്പോക്പിയും ഇന്നലെ അമിത് ഷാ സന്ദർശിച്ചു. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ പ്രധാന വാണിജ്യപട്ടണമായ മോറെയിൽ വൻ കലാപമാണ് നടന്നിരുന്നത്. കുക്കി, മെയ്തെയ് വിഭാഗങ്ങൾക്കു പുറമേ തമിഴർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇവിടെയുണ്ട്. കലാപത്തെത്തുടർന്ന് ഒട്ടേറെ പേർ മ്യാൻമർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. 

പ്രത്യേക ഭരണപ്രദേശം എന്ന കുക്കി വിഭാഗത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാൻ സാധ്യതയില്ല. അഖണ്ഡതയെ ബാധിക്കുന്ന നടപടിയുണ്ടാകില്ലെന്ന് അമിത് ഷാ ഉറപ്പുനൽകിയതായി മെയ്തെയ് വിഭാഗവും പറഞ്ഞു. ഗോത്ര മേഖലയെ ചുരുങ്ങിയത് കേന്ദ്രഭരണപ്രദേശം എങ്കിലും ആക്കണമെന്നാണ് കുക്കികളുടെ ആവശ്യം.

സംസ്ഥാനത്ത് സമാധാനം കൊണ്ടുവരണമെന്നും പ്രാദേശിക അഖണ്ഡതയെ ബാധിക്കുന്ന നടപടി പാടില്ലെന്നും ഒളിംപ്യൻ മീരാബായ് ചാനു ഉൾപ്പെടെയുള്ള 11 രാജ്യാന്തര കായിക താരങ്ങൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മെഡലുകളും പുരസ്കാരങ്ങളും മടക്കിനൽകുമെന്ന് അവർ പറഞ്ഞു.

English Summary : Clashes erupt again in Manipur during Union Home Minister Amit Shah's visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com