അഹമ്മദാബാദ് ∙ നല്ല വസ്ത്രവും സൺ ഗ്ലാസും ധരിച്ചതിന്റെ പേരിൽ ഗുജറാത്തിൽ ദലിത് യുവാവിനെ തല്ലിച്ചതച്ചു. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് ജിഗാർ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘം ആക്രമിച്ചത്. ഇരുവരും ആശുപത്രിയിലാണ്. 7 പേർക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവദിവസം അക്രമികളിൽ ഒരാൾ വീട്ടിൽ വന്ന് താൻ ‘അതിരുകടക്കുകയാണെന്ന്’ പറഞ്ഞതായി ജിഗാർ ഷെഖാലിയയുടെ പരാതിയിൽ പറയുന്നു. അന്നു രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം നിൽക്കുമ്പോൾ ഒരു സംഘം വടികളുമായി എത്തി മർദിച്ചു. തടയാനെത്തിയ അമ്മയെയും ഉപദ്രവിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും പരാതിയിലുണ്ട്. പട്ടിക ജാതി വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
English Summary: Dalit youth attacked in Gujarat