ADVERTISEMENT

ന്യൂഡൽഹി ∙ ഒഡീഷ ട്രെയിൻ ദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും കുറേ കാര്യങ്ങൾ ചോദിക്കാനുണ്ടെങ്കിലും ഇപ്പോൾ രക്ഷാപ്രവർത്തനത്തിനും ആശ്വാസ നടപടികൾക്കുമാണു പ്രാധാന്യമെന്ന് കോൺഗ്രസ്. രക്ഷാപ്രവർത്തനത്തിനും മറ്റു സഹായങ്ങൾക്കും മുന്നിട്ടിറങ്ങാൻ ഒഡീഷയിലെ പ്രവർത്തകരോട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ സാഹചര്യത്തിൽ ഇന്നലെ ടിവി ചർച്ചകളിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതായി കോൺഗ്രസ് മാധ്യമപ്രചാരണത്തലവൻ പവൻ ഖര പറഞ്ഞു. 

ഖർഗെയും ലോക്സഭയിലെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുമടക്കമുള്ള കോൺഗ്രസ് നേതൃസംഘം സംഭവസ്ഥലം സന്ദർശിച്ചു. 

ട്രെയിൻ ദുരന്തത്തിൽ ഏറെ വേദനിക്കുന്നതായി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ട്രെയിൻ അപകടം ഭയാനകവും ഏറെ വേദനാജനകവുമാണെന്നു കോൺഗ്രസ് കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു. 

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് സിപിഐയും ആർജെഡിയും ആവശ്യപ്പെട്ടു. സർക്കാർ ആഡംബര ട്രെയിനുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സാധാരണക്കാരുടെ ട്രെയിനുകളും ട്രാക്കുകളും അവഗണിക്കപ്പെടുന്നെന്നും സിപിഐ എംപി ബിനോയ് വിശ്വം ട്വീറ്റിൽ പറഞ്ഞു. 

അപകടത്തെപ്പറ്റി വിശദമായ അന്വേഷണം വേണമെന്ന് സംഭവസ്ഥലം സന്ദർശിച്ച, റെയിൽവേ മുൻ മന്ത്രി കൂടിയായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. 

ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മോദി സർക്കാരിന്റെ 9–ാം വാർഷികാഘോഷം ബിജെപി നിർത്തിവച്ചു. 

English Summary : CPI and RJD demand the resignation of Railway Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com