ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 288 ആയി. രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും ഉൾപ്പെട്ട അപകടം രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നാണ്. നാലാമത്തെ ട്രാക്കിൽ കിടന്നിരുന്ന മറ്റൊരു ചരക്കു ട്രെയിനിലേക്കും അപകടത്തിൽപെട്ട കോച്ചുകൾ തെറിച്ചുവീണു.
∙ ബാലസോറിൽ ബഹനാഗ ബസാർ സ്റ്റേഷനു സമീപം വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് ഷാലിമാർ–ചെന്നൈ സെൻട്രൽ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു യശ്വന്ത്പുര –ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളും ഒരു ചരക്കുട്രെയിനും അപകടത്തിൽപെട്ടത്.
∙ രണ്ടു യാത്രാ ട്രെയിനുകളിലുമായി റിസർവ് ചെയ്ത 2200 പേരുണ്ടായിരുന്നു. റിസർവ് ചെയ്യാത്തവർ ഇതിനുപുറമേ. 1175 പേർക്കു പരുക്കേറ്റു. 382 േപർ ചികിത്സയിൽ തുടരുന്നു. 2 പേരുടെ നില അതീവഗുരുതരം. മരിച്ചവരിൽ മലയാളികളില്ലെന്നാണു വിവരം.
∙ സിഗ്നൽ തകരാറാണ് അപകടകാരണമെന്നാണു റെയിൽവേയുടെ പ്രാഥമിക റിപ്പോർട്ട്. കൊറമാണ്ഡൽ എക്സ്പ്രസിനും എതിർദിശയിൽനിന്നു വന്ന യശ്വന്ത്പുര –ഹൗറ എക്സ്പ്രസിനും ബഹനാഗ ബസാറിൽ പാസിങ് സിഗ്നൽ കൊടുത്തിരുന്നു. 2 ട്രെയിനുകളും അതതു മെയിൻ ട്രാക്കുകളിലൂടെ വൈകിട്ട് 6.55നാണു കടന്നുപോകുന്നത്.
∙ ആദ്യമെത്തിയത് കൊറമാണ്ഡൽ എക്സ്പ്രസാണ്. ചെന്നൈ ഭാഗത്തേക്കുള്ള ‘അപ്’ മെയിൻ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന ട്രെയിൻ അതിനുപകരം ‘ലൂപ്’ ട്രാക്കിലേക്കു പ്രവേശിച്ച് അവിടെ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിൽ ഇടിച്ചു.
സ്റ്റേഷൻ മേഖലകളിൽ മെയിൻ ലൈനിൽനിന്നു തിരിഞ്ഞുപോകാനുള്ള ഉപ ലൈനാണ് ‘ലൂപ്’. കൊറമാണ്ഡൽ എന്തുകൊണ്ടാണു ലൂപ് ലൈനിലേക്കു വഴിമാറിയതെന്നു വ്യക്തമല്ല.
∙ ചരക്കുവണ്ടിയിൽ ഇടിച്ച് കൊറമാണ്ഡലിന്റെ എൻജിനും 5 കോച്ചുകളും കീഴ്മേൽ മറിഞ്ഞു. ഇതടക്കം ആകെ 21 കോച്ചുകൾ പാളംതെറ്റി. 5 മിനിറ്റിനകം എതിർദിശയിൽനിന്നെത്തിയ യശ്വന്ത്പുര– ഹൗറ എക്സ്പ്രസ്, ആദ്യം ചരക്കുട്രെയിനിന്റെയും തുടർന്ന് കൊറമാണ്ഡലിന്റെയും മറിഞ്ഞ കോച്ചുകളിലിടിച്ചു. ആ ട്രെയിനിന്റെ 2 കോച്ചുകൾ കീഴ്മേൽ മറിഞ്ഞു. 14 കോച്ചുകൾ പാളംതെറ്റി.
∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവസ്ഥലത്തെത്തി.
തിരിച്ചുവരാതെ അവർ പോയി
കോഴിക്കോട് ∙ കൊറമാണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലെത്തിയശേഷം കേരളത്തിലേക്കു വരാനിരുന്ന 2 ബംഗാൾ സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു. കുറ്റ്യാടിയിലും നാദാപുരത്തും ഹൈപ്പർ മാർക്കറ്റുകളിൽ ജോലി ചെയ്തിരുന്ന ബിർഭൂം സ്വദേശി സദ്ദാം ഹുസൈനും നരിക്കാട്ടേരിയിൽ കെട്ടിടനിർമാണത്തൊഴിലാളിയായിരുന്ന അൻസാറുമാണു മരിച്ചത്. സദ്ദാമിന്റെ ഭാര്യ സുൽത്താന ഈയിടെയാണു പ്രസവിച്ചത്. പെരുന്നാൾ അവധിക്കു പോയി തിരിച്ചുവരുമ്പോഴാണ് അപകടത്തിൽപെട്ടത്.

2 കേരള ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം ∙ ഇന്നലെ ഉച്ചയ്ക്ക് 2.55നു പുറപ്പെടേണ്ടിയിരുന്ന ഹൗറ- എറണാകുളം അന്ത്യോദയ പ്രതിവാര എക്സ്പ്രസ് (22877), വൈകിട്ട് 4.55നു പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22641) എന്നിവ റദ്ദാക്കി. ഇന്നലെ വൈകിട്ട് 5.20 നു പുറപ്പെട്ട കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22503) ആന്ധ്രയിലെ വിജയനഗരത്തിനും ബംഗാളിലെ ഖരഗ്പുരിനുമിടയ്ക്കു വഴി തിരിച്ചുവിടും. രാജ്യത്താകെ 48 ട്രെയിനുകൾ റദ്ദാക്കി.
English Summary: Odisha Balasore train tragedy