ADVERTISEMENT

ബാലസോർ (ഒഡീഷ) ∙ ട്രെയിൻ ദുരന്തത്തിൽ മരിച്ച നൂറോളം പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനാകാതെ ഭുവനേശ്വറിലെയും കട്ടക്കിലെയും മോർച്ചറികളിൽ. ഈ മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചുതുടങ്ങി. മൃതദേഹങ്ങൾ ശീതീകരിച്ച കണ്ടെയ്നറുകളിൽ 6 മാസം വരെ സൂക്ഷിക്കാമെന്നു ഭുവനേശ്വർ എയിംസ് അധികൃതർ പറഞ്ഞു. 

ബംഗാളിൽ നിന്നുള്ള 31 യാത്രക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ചികിത്സയിലുള്ളവരെ ഇന്നലെ കട്ടക്കിലെയും ഭുവനേശ്വറിലെയും ആശുപത്രിയിൽ മമത സന്ദർശിച്ചു. ബിഹാറിൽനിന്നുള്ള 24 യാത്രക്കാരെയും കണ്ടുകിട്ടിയിട്ടില്ല. തമിഴ്നാട്ടിൽനിന്നുള്ള എല്ലാ യാത്രക്കാരെയും കണ്ടെത്തിയതായി മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. 

ടിക്കറ്റില്ലാത്ത യാത്രക്കാരും ഉണ്ടായിരുന്നതിനാൽ, കാണാതായ യാത്രക്കാർ എത്രയെന്നു കൃത്യമായി പറയാൻ റെയിൽവേയ്ക്കു കഴിയുന്നില്ല. മൃതദേഹങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ബന്ധുക്കളെ തിരയുന്നത്. മരിച്ചവരുടെ ഫോട്ടോകൾ കട്ടക്കിലെയും ഭുവനേശ്വറിലെയും വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഒഡീഷ സർക്കാരിന്റെ വെബ് സൈറ്റുകളിലും മരിച്ചവരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനിടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ മറ്റുള്ളവർക്കു വിട്ടുകൊടുത്തതായും പരാതിയുണ്ട്. അപകടത്തിൽ മരിച്ച ജാർഖണ്ഡ് സ്വദേശിയായ ഉപേന്ദ്രകുമാർ വർമയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടും മറ്റൊരു കുടുംബത്തിനു നൽകിയതായി പറയുന്നു. 

40 യാത്രക്കാരുടെ മരണം വൈദ്യുതാഘാതം മൂലം

ഭുവനേശ്വർ ∙ കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ നാൽപതോളം പേർ മരിച്ചതു വൈദ്യുതാഘാതം മൂലമെന്ന് പൊലീസ്. ഈ മൃതദേഹങ്ങളിൽ പരിക്കൊന്നുമുണ്ടായിരുന്നില്ല. അപകടസമയത്തു പാളത്തിനു മുകളിലെ വൈദ്യുതിക്കമ്പികൾ പൊട്ടി ചില കോച്ചുകളിൽ വീണത് യാത്രക്കാർക്കു വൈദ്യുതാഘാതമേൽക്കാൻ ഇടയാക്കിയെന്നാണു ബാലസോർ ഗവ. റെയിൽവേ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.

English Summary: Around 100 unidentified dead bodies in Odisha Balasore Train Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com