വരുമാനം കുറച്ചുകാട്ടിയെന്ന് സമ്മതിച്ച് ബിബിസി; പുതുക്കിയ നികുതി റിട്ടേൺ നൽകാൻ ആവശ്യപ്പെട്ടു

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിൽ വരുമാനം കുറച്ചുകാട്ടിയെന്ന് ബിബിസി സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാരും ബിബിസിയും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇന്ത്യയിൽ കഴിഞ്ഞ 6 വർഷമായി നൽകി വന്നിരുന്നത് കുറഞ്ഞ നികുതിയാണെന്നും വരുമാനം കുറച്ചു കാണിച്ചിരുന്നതായും ബിബിസി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനെ ഇമെയിൽ വഴി അറിയിച്ചതായാണ് വിവരം. വരുമാനത്തിൽ 40 കോടിയോളം രൂപ കുറച്ചുകാണിച്ചുവെന്നാണ് റിപ്പോർട്ട്. ബിബിസിയോടു പുതുക്കിയ നികുതി റിട്ടേൺ സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും വിവരമുണ്ട്.
ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ തുടർച്ചയായി 3 ദിവസമാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ആയിരുന്നു പരിശോധന.
പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അന്ന് വ്യക്തമാക്കിയിരുന്നു. ബിബിസി ഗ്രൂപ്പിൽ പെട്ട പല കമ്പനികളുടെയും കണക്കിൽ കാണിച്ചിട്ടുള്ള വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനത്തിന്റെ തോതുമായി ഒത്തുപോകുന്നില്ലെന്നായിരുന്നു പ്രധാന കണ്ടെത്തൽ.
English Summary : BBC agreed underestimate income