മോദി രാജ്യം ഭരിക്കുന്നത് ഭൂതകാലത്തേക്ക് നോക്കി: രാഹുൽ ഗാന്ധി
Mail This Article
ന്യൂയോർക്ക് ∙ ഇന്ത്യയെന്ന കാർ റിയർവ്യൂ മിററിൽ നോക്കിയോടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിനു പിറകെ ഒന്നായി അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വിഖ്യാതമായ ജാവിറ്റ്സ് സെന്ററിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.
ബിജെപിക്കും ആർഎസ്എസിനും മുന്നോട്ടു നോക്കാൻ കെൽപില്ല. ഭൂതകാലത്തിലേക്കു നോക്കിയാണ് അവർ രാജ്യം ഭരിക്കുന്നത്. ഒഡീഷ ട്രെയിൻ ദുരന്തത്തെപ്പറ്റി ചോദിച്ചാൽ അവർ 50 വർഷം മുൻപ് കോൺഗ്രസ് സർക്കാർ ചെയ്തതെന്താണെന്നു ചോദിക്കും. എന്നാൽ, കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ഉണ്ടായ ട്രെയിനപകടങ്ങൾക്ക് അന്നത്തെ ഭരണാധികാരികൾ ബ്രിട്ടിഷുകാരെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് രാഹുൽ ഓർമിപ്പിച്ചു.
ഏതു വിഷയത്തിലും ഭൂതകാലം ചികയുക എന്നതാണ് ബിജെപി സർക്കാരിന്റെ ഉടനടിയുള്ള പ്രതികരണം. പ്രധാനമന്ത്രിയോ മന്ത്രിമാരോ ഭാവിയെക്കുറിച്ച് സംസാരിക്കുന്നില്ല. ഭൂതകാലത്തിലേക്കു നോക്കി ആരെയെങ്കിലും കുറ്റപ്പെടുത്തുക എന്നതാണ് അവരുടെ ശൈലി. ഇന്ത്യയിൽ ഗാന്ധിജിയുടെയും ഗോഡ്സെയുടെയും ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കെ ഖാലിസ്ഥാൻ പതാകയുമായി ഒരാൾ സദസ്സിൽ നിന്നെണീറ്റു. നമസ്കാരം, നല്ലൊരു ദിവസം ആശംസിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർന്ന് സദസ്സിലുള്ളവർ അയാളോട് പുറത്തു പോകാൻ ആംഗ്യം കാണിച്ചു. അതിനെ പ്രകീർത്തിച്ച രാഹുൽ കോൺഗ്രസിന്റെ ശക്തി ഇതാണെന്നും അക്രമമോ ആക്രോശങ്ങളോ കോൺഗ്രസിന്റെ മാർഗമല്ലെന്നും പറഞ്ഞു. ഒഡീഷ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജയർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്.
English Summary : Modi ruling country looking past says Rahul Gandhi