ന്യൂഡൽഹി ∙ ബിജെപിക്കെതിരായ ഐക്യ നീക്കങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 12നു ബിഹാറിലെ പട്നയിൽ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ കക്ഷികളുടെ സമ്മേളനം നീട്ടിവച്ചു. വിദേശത്തുള്ള രാഹുൽ ഗാന്ധി അടക്കം ഏതാനും നേതാക്കൾക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിലാണിത്. ഈ മാസം 23നു പട്നയിൽ തന്നെ യോഗം ചേരാനാണ് ആലോചന. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണു യോഗത്തിനു മുൻകയ്യെടുക്കുന്നത്.
ചികിത്സയ്ക്കായി സോണിയ ഗാന്ധിയും വിദേശത്താണ്. പ്രിയങ്കയും സോണിയയ്ക്കൊപ്പമാണ്. സർക്കാരുമായി ബന്ധപ്പെട്ട ചടങ്ങുള്ളതിനാൽ 12നു പങ്കെടുക്കാനാവില്ലെന്ന് ഡിഎംകെ അറിയിച്ചിരുന്നു.
കൂടിയാലോചന നടത്താതെയാണ് 12നു യോഗം നടത്താൻ നിതീഷ് തീരുമാനിച്ചതെന്ന പരിഭവം ഏതാനും കക്ഷികൾക്കുണ്ടായിരുന്നു. ഐക്യ നീക്കങ്ങളുടെ നേതൃത്വം നിതീഷ് ഒറ്റയ്ക്ക് ഏറ്റെടുക്കാൻ ശ്രമിക്കുന്നുവെന്ന സംശയം കോൺഗ്രസിനുണ്ട്. അതിനു നിതീഷിനെ അനുവദിക്കേണ്ടെന്നാണു കോൺഗ്രസിലെ ഭൂരിപക്ഷാഭിപ്രായം. യോഗം നീട്ടാൻ ഇതും കാരണമായി.
ഇതേസമയം, യോഗത്തിൽ അതതു പാർട്ടികളുടെ തലവന്മാർ തന്നെ പങ്കെടുക്കണമെന്ന് നിഷ്കർഷിച്ചിരുന്നെന്നും കോൺഗ്രസ് ഉൾപ്പെടെ ചില കക്ഷികൾ അസൗകര്യം അറിയിച്ചതിനാലാണ് യോഗം മാറ്റിവച്ചതെന്നും നിതീഷ്കുമാർ പട്നയിൽ പറഞ്ഞു. എല്ലാ കക്ഷികളുമായും കൂടിയാലോചിച്ച് പുതിയ തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചൽപ്രദേശിലെ ഷിംലയിലും വൈകാതെ പ്രതിപക്ഷ യോഗം പരിഗണനയിലുണ്ട്. കോൺഗ്രസാണ് ഇതിനു മുൻകയ്യെടുക്കുന്നത്.
കോൺഗ്രസ് അസൗകര്യം അറിയിച്ചതിന്റെ പിന്നിൽ തൃണമൂൽ കോൺഗ്രസിനോടുള്ള വിയോജിപ്പുണ്ടെന്നും സൂചനയുണ്ട്. മമത ബാനർജിയുടെ നിർദേശം അനുസരിച്ചാണ് നിതീഷ് പട്ന വേദിയാക്കിയത്. അടുത്തിടെ ബംഗാളിൽ കോൺഗ്രസ് എംഎൽഎയെ തൃണമൂലിൽ ചേർത്തതിൽ ഹൈക്കമാൻഡിന് അമർഷമുണ്ട്.
English Summary : Opposition unity meeting on june 23 in patna