ADVERTISEMENT

ന്യൂഡൽഹി ∙ യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള യാത്രയ്ക്കിടെ റഷ്യയിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ കൊണ്ടുപോകാനുള്ള വിമാനം പുറപ്പെട്ടതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. വിമാനം ഇന്ന് മഗദാനിൽ നിന്നു യാത്ര തുടരും. തകരാറിലായ വിമാനം നന്നാക്കുന്നതിനുള്ള സാമഗ്രികളുമായി എൻജിനീയർമാരും ഈ വിമാനത്തിലുണ്ട്. 

216 യാത്രക്കാരും 16 ജീവനക്കാരുമുള്ള വിമാനം ചൊവ്വാഴ്ചയാണ് എൻജിൻ തകരാറിനെത്തുടർന്നു മഗദാനിൽ ഇറക്കിയത്. ഇവരെ സമീപത്തെ സ്കൂളിലും ഡോർമറ്ററിയിലുമായി പാർപ്പിച്ചിരിക്കുകയാണ്. വിമാനത്തിൽ 40 ൽ ഏറെ അമേരിക്കൻ പൗരന്മാരുമുണ്ട്. യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും വിമാനങ്ങൾക്കു റഷ്യയുടെ ആകാശവിലക്ക് ഉള്ളതിനാൽ ഇവർ ആശങ്കയിലാണെന്നു സഹയാത്രികർ പറഞ്ഞു. 

മഗദാൻ: ഗുലാഗിലേക്കുള്ള ഇടത്താവളം

പഴയ സോവിയറ്റ് യൂണിയനിൽ സ്റ്റാലിന്റെ കാലത്ത് സൈബീരിയയിലെ ലേബർ ക്യാംപുകളുടെ ചുമതല വഹിച്ചിരുന്ന സർക്കാർ ഏജൻസിയായ ഗുലാഗിന്റെ ഇടത്താവളമായിരുന്നു മഗദാൻ പ്രദേശം. കടൽമാർഗമെത്തിക്കുന്ന ഗുലാഗ് തടവുകാരെ കോലൈമ സ്വർണഖനിയിലേക്ക് അടിമപ്പണിക്കു കൊണ്ടുപോയിരുന്നത് വടക്കുകിഴക്കൻ റഷ്യയിലെ കടലോരമേഖലയായ മഗദാനിലെത്തിച്ചശേഷമാണ്. ഈ യാത്രയിലും ലേബർ ക്യാംപുകളിലുമായി പതിനായിരക്കണക്കിനു തടവുകാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു ചരിത്രം. മോസ്കോയിൽ നിന്നു മഗദാനിലെത്താൻ ഏഴര മണിക്കൂർ ആകാശയാത്രയുണ്ട്. 

English Summary : Air India sends plane for stranded passengers in Russia, with engineers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com