ADVERTISEMENT

ന്യൂഡൽഹി ∙ കർഷകസമരം പോലെ ഗുസ്തിതാരങ്ങളുടെ സമരം കൈവിട്ടു പോകുമോ എന്ന ആശങ്കയിൽ കേന്ദ്രസർക്കാർ ഒത്തുതീർപ്പു ചർച്ചകൾ ഊർജിതമാക്കി. ജാട്ട് മേഖലകളിൽ സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നതാണ് പാർട്ടിയെ ആശങ്കപ്പെടുത്തുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ നേരിട്ടിറങ്ങി താരങ്ങളെ തിരിച്ചു ജോലിയിൽ കയറാൻ പ്രേരിപ്പിച്ചിരുന്നു. അതിനു പിന്നാലെ കായികമന്ത്രി അനുരാഗ് ഠാക്കൂറും മണിക്കൂറുകൾ നീണ്ട ചർച്ച സമരക്കാരുടെ നേതാക്കളായ ബജ്റങ് പുനിയ, സാക്ഷി മാലിക് എന്നിവരുമായി നടത്തി. 

അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി ഈ മാസം 15ന് അകം തീരുമാനമാകുമെന്ന ഉറപ്പു കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ, റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽനിന്ന് ഗുസ്തിക്കാർ പിന്നാക്കം പോയിട്ടില്ല. 

സമരം ചെയ്യുന്ന ജാട്ട് പെൺകുട്ടികളെ ബ്രാഹ്മണനായ ബ്രിജ്ഭൂഷണു വേണ്ടി ബിജെപി അവഗണിക്കുന്നു എന്ന പ്രചാരണം ജാട്ട് സംഘടനകൾ നടത്തിയിരുന്നു. പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും ഇത് ബിജെപിക്കു ദോഷം ചെയ്യുമെന്ന തിരിച്ചറിവാണു പ്രശ്നം പരിഹരിക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. 

കർഷക സമരം നടന്നപ്പോൾ ബിജെപിയിൽനിന്ന് അകന്ന ജാട്ട് നേതൃത്വത്തെ യുപി തിരഞ്ഞെടുപ്പിനു മുൻപ് അനുനയിപ്പിക്കാൻ അമിത്ഷാ തന്നെ നേരിട്ടിറങ്ങിയിരുന്നു. അദ്ദേഹത്തിന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കു ശേഷമാണ് വീണ്ടും ബിജെപിക്കൊപ്പം നിൽക്കാൻ ജാട്ടുകൾ തയാറായത്. അവരുടെ ആവശ്യങ്ങൾ മിക്കതും അംഗീകരിക്കുകയും ചെയ്തിരുന്നു. 

ഗുസ്തിക്കാരുടെ വിഷയത്തിലും ബ്രിജ്ഭൂഷണെതിരെ ഒറ്റയടിക്കു കടുത്ത നടപടി സ്വീകരിക്കാനാവാത്ത അവസ്ഥ അമിത്ഷാ അറിയിച്ചതായാണു വിവരം. അയോധ്യയിൽ ബ്രിജ്ഭൂഷൺ നടത്താനിരുന്ന റാലി മാറ്റിവയ്പ്പിച്ചത് അതിന്റെ ഭാഗമായാണ്. ഈ മാസം 11ന് മോദി സർക്കാരിന്റെ 9–ാം വാർഷികത്തോടനുബന്ധിച്ചു ഗോണ്ടയിൽ നടത്തുന്ന റാലിയിൽ ബ്രിജ്ഭൂഷൺ പ്രസംഗിക്കണമോ എന്നതും പുനഃപരിശോധിക്കുമെന്നാണു സൂചന. 

English Summary: Government of India attempt to solve Wrestlers Protest at the earliest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com