മണിപ്പുർ: ആയുധങ്ങൾക്കായി തിരച്ചിൽ ശക്തമാക്കി
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ വീണ്ടും കലാപം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആയുധങ്ങൾ കണ്ടെടുക്കാനുള്ള തിരച്ചിൽ ശക്തിപ്പെടുത്തി. വംശീയ കലാപത്തിലേർപ്പെട്ട മെയ്തെയ് -കുക്കി വിഭാഗങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് അസം റൈഫിൾസും സൈന്യവും തിരച്ചിൽ നടത്തുന്നത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തിരച്ചിൽ.
കഴിഞ്ഞ ദിവസം തിരച്ചിലിൽ മോർട്ടറുകളും ഹാൻഡ് ഗ്രനേഡുകളും ഉൾപ്പെടെ 29 ആയുധങ്ങൾ പിടിച്ചെടുത്തു. അതേസമയം മണിപ്പുർ പൊലീസിന്റെ ആയുധപ്പുരയിൽ നിന്നും നഷ്ടപ്പെട്ട 4000 തോക്കുകളിൽ 3000 എണ്ണത്തിലധികം ഇനിയും തിരികെ ലഭിക്കാനുണ്ട്.
കലാപത്തിൽ ഇരകൾക്കായി ആഭ്യന്തരമന്ത്രാലയം 101.75 കോടിയുടെ പാക്കേജിന് അംഗീകാരം നൽകിയതായി മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് പറഞ്ഞു. അവശ്യവസ്തുക്കളുമായി ദേശീയപാതയിലൂടെ ചരക്കുനീക്കം ആരംഭിച്ചിട്ടുണ്ട്.
English Summary : Search for weapons intensified at Manipur