ഗുവാഹത്തി ∙ രണ്ടാം ലോകയുദ്ധകാലത്ത് അസമിൽ ജീവൻ നഷ്ടപ്പെട്ട 1000 ഭടൻമാരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ അമേരിക്ക അസം സർക്കാരിന്റെ സഹായം തേടി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുമായി കൊൽക്കത്തയിലെ യുഎസ് കോൺസൽ ജനറൽ മെലിൻഡ പാവേക് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സാധ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യയിൽ കാണാതായ യുഎസ് ഭടന്മാരുടെ അവശിഷ്ടങ്ങൾ തേടി അമേരിക്ക 5 ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. ജപ്പാനെതിരായ യുദ്ധത്തിൽ ചൈനയെ സഹായിക്കാൻ ഇന്ത്യയിലെ താവളങ്ങളിൽനിന്നു ഹിമാലയത്തിനു മുകളിലൂടെ പറക്കുന്നതിനിടെ കാണാതായ യുഎസ് വിമാനങ്ങളിലെ സൈനികരുടെ അവശേഷിപ്പുകൾക്കായാണ് തിരച്ചിൽ. 2 വൈമാനികരുടെ അവശിഷ്ടങ്ങൾ ഇങ്ങനെ കണ്ടെടുത്തിട്ടുണ്ട്.
English Summary : US seeks remains of dead soldiers in Assam