കൊൽക്കത്ത ∙ മണിപ്പുരിൽ ഇംഫാൽ വെസ്റ്റിലെ കോകൻ ഗ്രാമത്തിൽ പട്ടാള വേഷത്തിലെത്തിയ മെയ്തെയ് ആയുധധാരികൾ 3 കുക്കി ഗ്രാമീണരെ വെടിവച്ചുകൊന്നു. പട്ടാളവാഹനത്തിലാണ് അക്രമികൾ എത്തിയതെന്ന് ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) ആരോപിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിക്കാണ് അക്രമികൾ എത്തിയത്. പട്ടാളത്തിന്റെ തിരച്ചിലാണെന്നു കരുതി ഗ്രാമീണർ പുറത്തിറങ്ങി നിന്നു. ഈ സമയത്ത് യന്ത്രത്തോക്കുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പള്ളിയിൽ പ്രാർഥിക്കുകയായിരുന്ന ദോമക്കോഹൊയ് എന്ന വനിത ഉൾപ്പെടെ 3 പേർ തൽക്ഷണം മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു.
തീവ്രവാദികൾക്ക് പട്ടാളവാഹനവും വേഷവും ലഭിച്ചത് അന്വേഷിക്കണമെന്ന് കുക്കി സംഘടനകൾ ആവശ്യപ്പെട്ടു. വെടിനിർത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭ്യർഥന മെയ്തെയ് സംഘടനകൾ പാലിക്കുന്നില്ലെന്നും ഐടിഎൽഎഫ് ആരോപിച്ചു.
English Summary: Three more people killed in Manipur riot