ADVERTISEMENT

ന്യൂഡൽഹി ∙ രണ്ട് വിമാനവാഹിനികളും 35 വിമാനങ്ങളുമായി ഇന്ത്യൻ നാവികസേന അറബിക്കടലിൽ പടുകൂറ്റൻ അഭ്യാസം നടത്തി. ഇതാദ്യമായാണ് ഇന്ത്യ 2 വിമാനവാഹിനികൾ ഒരുമിച്ച് അഭ്യാസത്തിനിറക്കുന്നത്. ജനുവരിയിൽ ചൈനീസ് നാവികസേന അവരുടെ പുതിയ വിമാനവാഹിനി ഉപയോഗിച്ചു നടത്തിയ വിപുലമായ അഭ്യാസത്തിനു മറുപടിയെന്നവണ്ണമായിരുന്നു ഇന്ത്യയുടെ അഭ്യാസം. 

റഷ്യയിൽ നിന്നു വാങ്ങി പരിഷ്കരിച്ചെടുത്ത ഐഎൻഎസ് വിക്രമാദിത്യയും കൊച്ചിയിൽ നിർമിച്ച ഐഎൻഎസ് വിക്രാന്തുമാണു കഴിഞ്ഞ ദിവസങ്ങളിൽ അഭ്യാസം നടത്തിയതെന്നു നാവികസേന അറിയിച്ചു. അഭ്യാസത്തിന്റെ പേരോ ഉദ്ദേശ്യമോ വ്യക്തമാക്കിയിട്ടില്ല. ഒരു വിമാനവാഹിനിയിൽ നിന്നു പറന്നുപൊങ്ങി മറ്റേ വിമാനവാഹിനിയിൽ ലാൻഡ് ചെയ്യുന്നതുൾപ്പടെയുള്ള സംയുക്ത അഭ്യാസങ്ങളാണു നടത്തിയത്. 2 പടക്കപ്പലുകൾക്കും അവയുടെ സന്നാഹങ്ങൾക്കും തടസ്സമില്ലാതെ പ്രവർത്തിക്കാനാവുമോ എന്നു പരിശോധിക്കുകയായിരുന്നുവെന്നു നാവികസേനാ വക്താവ് പറഞ്ഞു. 

2 വിമാനവാഹിനികളെ സാധാരണഗതിയിൽ സംയുക്തമായി വിന്യസിക്കാറില്ല. ഒരെണ്ണം അറബിക്കടലിലും മറ്റേത് ബംഗാൾ ഉൾക്കടലിലും തെക്കൻ സമുദ്രത്തിലും എന്നാണു പൊതുവേ ഉദ്ദേശിച്ചിരിക്കുന്നത്.

വിക്രമാദിത്യയുടെ ഡെക്കിന് ഉതകുന്ന മിഗ്–29 കെ വിമാനം ആദ്യമായി വിക്രാന്തിന്റെ ഡെക്കിൽ രാത്രി ലാൻഡിങ് നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. അവശ്യ സാഹചര്യങ്ങളിൽ ഇത് എത്രമാത്രം സാധ്യമാണെന്നതു പരിശോധിക്കുകയായിരുന്നു അഭ്യാസത്തിന്റെ ഉദ്ദേശ്യമെന്ന് അറിയുന്നു. ഒരു കൊല്ലമായി റീഫിറ്റിനായി കാർവാറിൽ ഡോക്ക് ചെയ്തിരുന്ന വിക്രമാദിത്യ തിരിച്ചെത്തിയത് ഈയിടെയാണ്.  മിഗ്–29 കെ വിമാനങ്ങൾ കൂടാതെ 2 വിമാനവാഹിനികളുടെയും തുണക്കപ്പലുകളും കാമോവ്, സീ കിങ്, ചേതക്, ധ്രുവ് ഹെലികോപ്റ്ററുകളും അഭ്യാസത്തിൽ പങ്കെടുത്തു.

English Summary: Indian warships conduct exercise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com